രാജ്കുമാര്‍ പിരിച്ച ഒരു കോടി രൂപ നല്‍കിയത് സി.പി.എം നേതാവിനെന്ന് സൂചന; നേതാവിനെ മറച്ചുവെച്ച് പോലീസിന്റെ അന്വേഷണം

Jaihind Webdesk
Tuesday, July 2, 2019

Rajkumar

പീരുമേട് ജയിലില്‍ കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. ഇയാള്‍ പിടിയിലാകുന്നതിനു മുമ്പ് ചിട്ടിക്കമ്പനിയുടെ പേരില്‍ രാജ്കുമാര്‍ പിരിച്ചെടുത്ത ഒരു കോടിയിലധികം രൂപ വാങ്ങിയത് സി.പി.എമ്മിലെ ഒരു നേതാവാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍. ജില്ലാ പൊലീസ് മേധാവിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് ഈ നേതാവെന്നും വിവരമുണ്ട്. സാമ്പത്തിക തട്ടിപ്പുകേസില്‍ പിടിയിലാകുന്നതിന് തലേദിവസം പലപ്രാവശ്യം ഈ നേതാവിനെ മൊബൈല്‍ഫോണില്‍ വിളിച്ചാണ് രക്ഷിക്കണമെന്ന് രാജ്കുമാര്‍ ആവശ്യപ്പെട്ടതെന്ന മൊഴിയാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.

ഒരു ലക്ഷം രൂപ വായ്പ തരാമെന്ന് പറഞ്ഞാണ് ഫിനാന്‍സ് സ്ഥാപനത്തിന്റെ പേരില്‍ അയ്യായിരത്തോളം പേരില്‍ നിന്ന് പ്രോസസിംഗ് ഫീസായി 1000 രൂപ വീതം രാജ്കുമാര്‍ വാങ്ങിയത്. ലോണ്‍ കിട്ടാതായതോടെ ആളുകള്‍ രാജ്കുമാറിന്റെ തൂക്കുപാലത്തെ വീട്ടില്‍ എത്തി ബഹളം വച്ചതോടെ അവരുടെ മുമ്പില്‍വച്ച് ആരെയോ ഫോണില്‍ വിളിച്ചിരുന്നുവെന്നാണ് മൊഴി. രാജ്കുമാറിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചാല്‍ ഈ നേതാവിനെ കണ്ടെത്താന്‍ സാധിക്കുമെങ്കിലും അതിന് ഇതുവരെ പൊലീസ് തുനിഞ്ഞിട്ടില്ല എന്നത് സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.

പലപ്പോഴായി ഒരു കോടിയോളം രൂപ വാങ്ങിയ നേതാവിനെക്കുറിച്ച് അന്വേഷിക്കാതെ 60 ലക്ഷം രൂപ വട്ടിപ്പലിശയ്ക്ക് വാങ്ങിയവരെ മാത്രം കേന്ദ്രീകരിച്ച് പൊലീസ് നീങ്ങുന്നതും സംശയങ്ങള്‍ക്കിടയാക്കുന്നുണ്ട്. രാജ്കുമാര്‍ തട്ടിപ്പിലൂടെ നേടിയ പണം കുമളിയിലേക്കാണ് കൊണ്ടുപോയതെന്ന് മുന്‍ ജീവനക്കാരി വെളിപ്പെടുത്തിയിരുന്നു.

അതേസമയം രാജ്കുമാറിന്റെ കൂട്ടുപ്രതികളുടെ മൊഴി രേഖപ്പെടുത്തി. തങ്ങള്‍ രാജ്കുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാര്‍ മാത്രമായിരുന്നു എന്നാണ് ഇരുവരും മൊഴി നല്‍കിയത്. സ്ഥാപനത്തിലെ കാര്യങ്ങള്‍ എല്ലാം നോക്കി നടത്തിയിരുന്നത് രാജ്കുമാര്‍ ആയിരുന്നുവെന്നും, കേസ് വന്നപ്പോള്‍ എല്ലാം വക്കീല്‍ നോക്കുമെന്നാണ് രാജ്കുമാര്‍ പറഞ്ഞതെന്നുമാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്.

ഇതിനിടെ ഹരിത ഫിനാന്‍സ് വഴി കോടികള്‍ തട്ടിച്ച കേസിലെ പ്രതികളായ ശാലിനി, മഞ്ജു എന്നിവര്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഹരിത ഫിനാന്‍സില്‍ പണം നിക്ഷേപിച്ചവരുടെ പരാതിയെത്തുടര്‍ന്ന് രാജ്കുമാറിനൊപ്പം ഇവരെയും നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഹരിത ഫിനാന്‍സ് തട്ടിപ്പ് കേസും രാജ്കുമാര്‍ കൊലപാത കേസും ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.