രാജീവ് ഗാന്ധി രക്തസാക്ഷിത്വദിനം; ഇന്ദിരാഭവനില്‍ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

Jaihind Webdesk
Saturday, May 21, 2022

തിരുവനന്തപുരം : രാജ്യത്തെ ദീർഘവീക്ഷണത്തോടെ നയിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 31-ാം രക്തസാക്ഷിത്വദിനത്തില്‍ കെപിസിസി ആസ്ഥാനത്ത് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഇന്ദിരാഭവനിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്‍റണിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ ഛായചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടത്തിയ അനുസ്മരണ പ്രഭാഷണം എ.കെ ആന്‍റണി ഉദ്ഘാടനം ചെയ്തു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് രാജ്യത്തെ കൈപിടിച്ചുയർത്തിയ നേതാവായിരുന്നു രാജീവ് ഗാന്ധി എന്ന് എകെ ആന്‍റണി അനുസ്മരിച്ചു. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വം രാജ്യത്തിന് നികത്താനാവാത്ത നഷ്ടമാണ്. രാജ്യത്തെ യുവാക്കളുടെ ആവേശവും പ്രതീക്ഷയായിരുന്നു രാജീവ് എന്നും ആന്‍റണി അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു.

കെപിസിസി ഉപാധ്യക്ഷൻ എൻ ശക്തൻ അധ്യക്ഷത വഹിച്ചു. യുഡിഎഫ് കൺവീനർ എം.എം ഹസൻ, മുൻ കെപിസിസി അധ്യക്ഷൻ തെന്നല ബാലകൃഷ്ണ പിള്ള എന്നിവർ പ്രസംഗിച്ചു.