‘രാജീവ് ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ജീവനോടെ കാണുമായിരുന്നില്ല’: വാജ്‌പേയിയുടെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ നരേന്ദ്രമോദി അപമാനിച്ചതിന് പിന്നാലെ രാജീവ് ഗാന്ധിയെക്കുറിച്ച് അടല്‍ ബിഹാരി വാജ്പേയി നടത്തിയ വെളിപ്പെടുത്തല്‍ വീണ്ടും ചര്‍ച്ചയാകുന്നു. രാജീവ് ഗാന്ധി ഇല്ലായിരുന്നുവെങ്കില്‍ താന്‍ ജീവിച്ചിരിപ്പുണ്ടാകുമായിരുന്നില്ലെന്ന വാജ്പേയിയുടെ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. കിഡ്‌നി സംബന്ധമായ അസുഖമുണ്ടെന്നറിഞ്ഞ രാജീവ് ഗാന്ധി തന്നെ ഇന്ത്യയുടെ യുഎന്‍ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തി അമേരിക്കയിലേക്ക് അയച്ചതും, അവിടെ ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിത്തന്നതുമായ മനുഷ്യത്വത്തിന്റെ കഥയാണ് വാജ്‌പേയി നേരത്തെ വെളിപ്പെടുത്തിയിട്ടുള്ളത്.

രാജീവ് ഗാന്ധി അഴിമതിക്കാരനായാണ് മരിച്ചതെന്ന അവഹേളനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ചരിത്രമറിയാതെയാണെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിട്ടാണ് വാജ്‌പേയിയുടെ ആ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചാണ് നരേന്ദ്രമോദിയുടെയും കൂട്ടാളികളുടെയും തെരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍ മുന്നേറുന്നത്.

മോദിയുടെ വാക്കുകള്‍ക്കെതിരെ കോണ്‍ഗ്രസ് മാത്രമല്ല, ഇതര പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും രാഷ്ട്രീയ നിരീക്ഷകരും ആക്ടിവിസ്റ്റുകളുമെല്ലാം രംഗത്ത് വന്ന് കഴിഞ്ഞു. മോദിയുടെ വാക്കുകള്‍ പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിക്ക് ചേര്‍ന്നതല്ലെന്നും, പ്രധാനമന്ത്രി സ്ഥാനത്തെ തന്റെ മുന്‍ഗാമിയും രാഷ്ട്രീയ ഗുരുവുമായ അടല്‍ ബിഹാരി വാജ്പേയിയെ എങ്കിലും മോദി ഇക്കാര്യത്തില്‍ മാതൃകയാക്കണമെന്നുമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ ഭാഗമായാണ് അടല്‍ ബിഹാരി വാജ്പേയി മുമ്പ് നടത്തിയ വെളിപ്പെടുത്തല്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

1985ലാണ് സംഭവം നടക്കുന്നത്. രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി. വാജ്‌പോയി പ്രതിപക്ഷ നിരയിലെ ഏറ്റവും കടുത്ത എതിരാളിയും. വാജ്പേയിക്ക് കിഡ്‌നി സംബന്ധമായ അസുഖമുണ്ടാകുന്നു. ഇതറിഞ്ഞ രാജീവ് വാജ്‌പേയിയെ ഓഫീസിലേക്ക് വിളിച്ച് വരുത്തി. ആ സമയത്ത് യുഎസിലേക്ക് പോകാനിരുന്ന യുഎന്‍ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്താമെന്നും, ഈ അവസരം ഉപയോഗപ്പെടുത്തി അമേരിക്കയില്‍ ചികിത്സ തേടണമെന്നും രാജീവ് അറിയിക്കുന്നു. പറഞ്ഞത് പോലെ യുഎന്‍ പ്രതിനിധി സംഘാംഗമായി അമേരിക്കയിലെത്തിയ വാജ്‌പേയി ചികിത്സ പൂര്‍ത്തിയാക്കി മടങ്ങി.

1990ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശേഷം, മാധ്യമപ്രവര്‍ത്തകനായ കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വാജ്‌പേയി ആദ്യം വെളിപ്പെടുത്തുന്നത്. രാജീവ് ഗാന്ധി ഇല്ലായിരുന്നെങ്കില്‍ താന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടാകുമായിരുന്നില്ലെന്ന് അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഉലേക് എന്‍പിയുടെ ദ അണ്‍ടോള്‍ഡ് വാജ്‌പേയി:പൊളിറ്റീഷ്യന്‍ ആന്‍ പാരഡോക്‌സ് എന്ന പുസ്തകത്തിലും ഈ കഥ വിവരിക്കുന്നുണ്ട്.

vajpeyirahul gandhimodibjppriyanka gandhirajiv gandhi
Comments (0)
Add Comment