രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്പ്‌മെന്‍റ് സ്റ്റഡീസ് ‘വികസന സമ്മിറ്റ്’ സംഘടിപ്പിക്കുന്നു; ‘പ്രതീക്ഷ 2030’ എന്ന പേര് നല്‍കിയിരിക്കുന്ന സമ്മിറ്റ് സംഘടിപ്പിക്കുന്നത് അഞ്ച് ഘട്ടങ്ങളായി

Jaihind News Bureau
Tuesday, September 15, 2020

തിരുവനന്തപുരം: രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്പ്‌മെന്‍റ് സ്റ്റഡീസ് (ആര്‍.ജി.ഐ.ഡി.എസ്) ‘വികസന സമ്മിറ്റ്’ സംഘടിപ്പിക്കുന്നു. അഞ്ച് ഘട്ടങ്ങള്‍ നീണ്ടുനില്‍ക്കുന്നതാണ് ‘പ്രതീക്ഷ 2030’ എന്ന് പേര് നല്‍കിയിരിക്കുന്ന സമ്മിറ്റ്. അടുത്ത പത്ത് വര്‍ഷത്തേക്കുള്ള കേരളത്തിന്‍റെ വികസന രൂപരേഖ തയ്യറാക്കുകയാണ് സമ്മിറ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ആദ്യഘട്ടം വിവിധ രാജ്യങ്ങളിലെ പ്രവാസി മലയാളികളെ ഉള്‍പ്പെടുത്തി കൊണ്ടുള്ളതാണ്. ഒക്ടോബര്‍ 2 ആരംഭിച്ച് 11-വരെ നീണ്ടുനില്‍ക്കുന്ന ആദ്യ ഘട്ടത്തില്‍ 13 രാജ്യങ്ങളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട മലയാളികള്‍ പങ്കെടുക്കും. ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗലൂരു, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നീ ആറു നഗരങ്ങളിലെ മലയാളികളെ ഉള്‍പ്പെടുത്തികൊണ്ടുള്ളതാണ് രണ്ടാം ഘട്ടം. ഇതും ഒക്ടോബറില്‍ തന്നെ പൂര്‍ത്തിയാകും. പ്രവാസി മലയാളികളെ കൂടി സംസ്ഥാനത്തിന്‍റെ വികസന രൂപരേഖ തയ്യാറാക്കുന്നതില്‍ പങ്കാളികളാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ 14 ജില്ലാ ആസ്ഥാനങ്ങളിലും സംഘടിപ്പിക്കുന്ന ആശവിനിമയങ്ങളാകും മൂന്നാം ഘട്ടം. നാലാം ഘട്ടം വിവിധ മേഖലകളിലെ ക്ഷണിക്കപ്പെട്ട പ്രതിനിധികളുമായുള്ള ആശയവിനിമയമാണ്. ഇത് നവംബറില്‍ പൂര്‍ത്തിയാകും. ഓരോ മേഖലയും നേരിടുന്ന പ്രതിസന്ധികള്‍, അവ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവ ഈ ഘട്ടത്തില്‍ ചര്‍ച്ചാവിഷയമാകും.

അഞ്ചാം ഘട്ടം ജനുവരി 15-ന് സംഘടിപ്പിക്കുന്ന ‘പ്രതീക്ഷ 2030 വികസന സമ്മിറ്റ്’ ആണ്. വിവിധ ഘട്ടങ്ങളിലായി ലഭിച്ച അഭിപ്രായങ്ങളുടേയും നിര്‍ദ്ദേശങ്ങളുടേയും അടിസ്ഥാനത്തില്‍ ഒരു കരട് വികസന രേഖ തയ്യറാക്കും. ഇതിന്മേലായിരിക്കും സമ്മിറ്റിലെ ചര്‍ച്ച. രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള പ്രമുഖര്‍ ഈ ചര്‍ച്ചകളില്‍ പങ്കെടുക്കും. ചര്‍ച്ചകളില്‍ ഉയരുന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സമ്മേളനത്തിനൊടുവില്‍ ‘അന്തിമ വികസന രേഖ 2030’ പുറത്തിറക്കും.

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ആണ് പ്രതീക്ഷ 2030 വികസന സമ്മിറ്റിന്‍റെ സെക്രട്ടറി ജനറല്‍. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ജോസഫ് വാഴക്കന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ബി.എസ്.ഷിജു, സമ്മിറ്റ് സെക്രട്ടേറിയേറ്റ് അംഗങ്ങളായ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി മൈക്കിള്‍ വേദ ശിരോമണി, പ്രൊഫ.ബി.കെ.പ്രകാശ്, ഡോ. ഉമ്മന്‍.വി.ഉമ്മന്‍ എന്നിവരും പങ്കെടുത്തു.