ഇന്ന് രാജീവ് ഗാന്ധിയുടെ 75ാം ജന്മവാര്‍ഷികം

Jaihind News Bureau
Tuesday, August 20, 2019

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75ാം ജന്മവാര്‍ഷികം. കോണ്‍ഗ്രസ് ഇന്നു മുതല്‍ ഒരാഴ്ച ദേശീയതലത്തില്‍ അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിക്കും. രാജീവിന്റെ സമാധിസ്ഥലമായ വീര്‍ ഭൂമിയില്‍ ഇന്നു രാവിലെ ഏഴിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടക്കും. നടക്കുന്ന പ്രാര്‍ഥനയില്‍ പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കും. രാജീവ് കൈവരിച്ച നേട്ടങ്ങളിലൊന്നാണു രാജ്യത്തെ ഐടി വിപ്ലവമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. അതേക്കുറിച്ചുള്ള വിഡിയോയും അദ്ദേഹം പങ്കുവച്ചു. രാജീവ് യൂത്ത് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഇന്ന് 10.30നു സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങ് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ഉദ്ഘാടനം ചെയ്യും.
1944 ആഗസ്റ്റ് 20നു ജനിച്ച രാജീവ് ഗാന്ധി 1984 -89 കാലഘട്ടത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. അമ്മ ഇന്ദിരാ ഗാന്ധിയുടെ മരണശേഷം 40-ാം വയസ്സില്‍ പ്രധാനമന്ത്രിയായ അദ്ദേഹം ആ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി. കോണ്‍ഗ്രസ് പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നീ പദവികളും വഹിച്ചു.
യുപിയിലെ അമേഠിയില്‍നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. ബ്രിട്ടനിലെ കേംബ്രിജ് സര്‍വകലാശാലയില്‍ പഠനത്തിനിടെയാണു സോണിയയെ അദ്ദേഹം കണ്ടുമുട്ടിയത്. ഇരുവരും 1968ല്‍ വിവാഹിതരായി. രാഷ്ട്രീയത്തിലിറങ്ങും മുന്‍പ് ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ പൈലറ്റായിരുന്നു. 1991 മേയ് 21നു ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ വച്ച് തമിഴ്പുലികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.