അച്ചടക്ക നടപടി പിന്‍വലിക്കണം : സിപിഎമ്മിനോട് എസ് രാജേന്ദ്രന്‍

Jaihind Webdesk
Monday, March 7, 2022

ഇടുക്കി : തനിക്കെതിരെ പാർട്ടി സ്വീകരിച്ച അച്ചടക്ക നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുൻ ദേവികുളം എംഎൽഎ എസ്.രാജേന്ദ്രൻ സിപിഎം സംസ്ഥാന കമ്മിറ്റിക്ക് കത്ത് നൽകി. അന്വേഷണത്തിനായി പാർട്ടി നിയോഗിച്ച രണ്ടംഗ കമ്മിഷൻ കണ്ടെത്തലുകള്‍ക്കെതിരെ തെളിവുകൾ സഹിതമാണു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരിൽ കണ്ട് രാജേന്ദ്രൻ കത്ത് നൽകിയത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ എ. രാജയെ തോൽപിക്കാൻ ശ്രമിച്ചെന്നായിരുന്നു രാജേന്ദ്രനെതിരെയുള്ള പ്രധാന ആരോപണം. മുൻ മന്ത്രി എം.എം. മണി തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും പൊതുവേദികളിൽ അപകീർത്തിപ്പെടുത്തി സംസാരിക്കുകയും ചെയ്തുവെന്ന് രാജേന്ദ്രൻ ആരോപിച്ചിരുന്നു. പാര്‍ട്ടി കണ്ടെത്തലുകള്‍ ചില നേതാക്കള്‍ തന്നെ പുറത്താക്കാന്‍ കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്നാണ് രാജേന്ദ്രന്‍റെ വാദം.

സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നും രാജേന്ദ്രന്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. താൻ നടത്തിയ തിരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ വിഡിയോകളും വാർത്തകളും ചിത്രങ്ങളും സഹിതമാണ് കോടിയേരി ബാലകൃഷ്ണന് അച്ചടക്ക നടപടിക്കെതിരെ അപ്പീൽ നല്‍കിയിരിക്കുന്നത്. തോട്ടം മേഖലയിൽ നിന്ന് നേതാക്കൾ ഉയർന്നു വരുന്നതിനെതിരെ എം.എം. മണി ആദ്യകാലം മുതൽ രംഗത്തുണ്ട്. ഇങ്ങനെ അവഗണിക്കപ്പെട്ട ചില നേതാക്കളുടെ പേരുകളും രാജേന്ദ്രൻ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ദേവികുളം എംഎല്‍എ എ രാജയെ തോല്‍പിക്കാന്‍ ശ്രമിച്ചെന്ന പാര്‍ട്ടിയുടെ അന്വേഷണ കമ്മിഷന്‍ കണ്ടെത്തലിനെ തുടര്‍ന്ന് രാജേന്ദ്രനെ ഒരു മാസം മുന്‍പാണ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍റ് ചെയ്തത്. രാജേന്ദ്രനും ശക്തമായി പ്രതിരോധിക്കുവാൻ തീരുമാനിച്ചതോടെ സി.പി.എമ്മിലെ വിഭാഗീയത കൂടുതൽ ശക്തമായി തുടരുകയാണ്.