സ്പ്രിങ്ക്ളർ ഇടപാട് അന്വേഷണ സമിതി അംഗം രാജീവ് സദാനന്ദനെ മുഖ്യമന്ത്രിയുടെ ഉപദേശകനായി നിയമിച്ചതിന് പിന്നിൽ ദുരൂഹത; സത്യസന്ധമായ റിപ്പോര്‍ട്ട് എങ്ങനെ നല്‍കുമെന്ന് ചോദ്യം; നിയമനം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പാളിയതുകൊണ്ടെന്നും വിമർശനം | VIDEO

തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ ഇടപാട് അന്വേഷിക്കുന്ന സമിതി അംഗം രാജീവ് സദാനന്ദനെ മുഖ്യമന്ത്രിയുടെ ഉപദേശകനായി നിയമിച്ചതിന് പിന്നില്‍ ദുരൂഹത. സ്പ്രിങ്ക്‌ളര്‍ ഇടപാടില്‍ സത്യസന്ധമായ റിപ്പോര്‍ട്ട് എങ്ങനെ മുഖ്യമന്ത്രിയുടെ കീഴിലുള്ള ഉദ്യോഗസ്ഥന് നല്‍കാനാകുമെന്നാണ് ഈ ഘട്ടത്തില്‍ ഉയരുന്ന ചോദ്യം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളിയതിനാലാണ് മുന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിയായ രാജീവ് സദാനന്ദനെ തിരികെ കൊണ്ട് വന്നതെന്ന വിമര്‍ശനവും ശക്തമാകുന്നു.

രാജീവ് സദാനന്ദനെ മുഖ്യമന്ത്രിയുടെ  ഉപദേശകനായി മൂന്ന് മാസത്തേക്കാണ് നിയമിച്ചത്. സർക്കാർ വാഹനം അനുവദിച്ചിട്ടുണ്ടെങ്കിലും  പ്രത്യേക പ്രതിഫലം നല്‍കുമോ എന്ന കാര്യം ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും  മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനും പങ്കാളിത്തം ഉണ്ടെന്ന് ആരോപിക്കുന്ന സ്പ്രിങ്ക്ളർ ഇടപാടിനെ കുറിച്ച് അനേഷിക്കുന്ന രാജീവ് സദാനന്ദന്‍ ഇതു സംബന്ധിച്ച് ഇനി എങ്ങനെ റിപ്പോർട്ട് നല്‍കുമെന്നാണ് പ്രസക്തമായ ചോദ്യം. ഒരു മാസമാണ് റിപ്പോർട്ട് നല്‍കാന്‍ അനുവദിച്ചത്. എന്നാല്‍ ഇതുവരെ ഒരു സിറ്റിംഗ് പോലും നടത്താന്‍ വിദഗ്ധ സമിതിക്ക് കഴിഞ്ഞിട്ടില്ല.

സർക്കാർ നടപടി ക്രമങ്ങള്‍ ലംഘിച്ച് കരാർ നല്‍കിയത് അനേഷിക്കുന്ന കമ്മിറ്റി അംഗം എങ്ങനെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ആകുമെന്നും ചോദ്യം ഉയരുന്നു. സർക്കാരിന്‍റെ കൊവിഡ് പ്രവർത്തനങ്ങളില്‍ പാളിച്ച ഉണ്ടായി എന്ന് പരസ്യമായി സമ്മതിക്കുന്നത് കൂടിയാണ് രാജീവ് സദാനന്ദന്‍റെ നിയമനം. നിലവില്‍ ഡോ.ഇക്ബാല്‍ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളില്‍ ഉപദേശം നല്‍കിയത്. കൊവിഡ് ടെസ്റ്റിംഗ് വ്യാപകമാക്കണമെന്ന സമിതി നിർദേശം സർക്കാർ അവഗണിച്ചു.  സാമൂഹിക വ്യാപനത്തിന്‍റെ എത്തിയശേഷമാണ് ടെസ്റ്റിംഗ് കൂട്ടാന്‍ സർക്കാർ തയ്യാറായത്. ഇപ്പോഴത്തെ സംവിധാനത്തിലെ പിഴവാണ് രാജീവ് സദാനന്ദന്‍റെ നിയമനത്തിന് കാരണമെന്നാണ് വ്യക്തമാകുന്നത്.

 

https://www.facebook.com/JaihindNewsChannel/videos/2926522754241234

 

Comments (0)
Add Comment