രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 30 വയസ് ; പ്രിയ നേതാവിന്‍റെ ഓർമ്മകളില്‍ രാജ്യം

 

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 30 വയസ്. ഇന്ത്യയെ പുതുയുഗത്തിലേക്ക് നയിച്ച ഭരണാധികാരിയെ രാജ്യം ഇന്നും സ്‌നേഹാദരങ്ങളോടെ സ്മരിക്കുന്നു. ചരിത്രത്തില്‍ ഒത്തിരി അടയാളങ്ങള്‍ രേഖപ്പെടുത്തിയാണ് രാജീവ് ഗാന്ധി കടന്നു പോയത്. ഇന്ദിരാ ഗാന്ധിയുടെ മരണശേഷം നാല്‍പ്പതാമത്തെ വയസില്‍ പ്രധാനമന്ത്രി സ്ഥാനം.

ഇന്ത്യയില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അദ്ദേഹം അധികാരത്തിലെത്തി. 1984 ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 491 ലോക്‌സഭ മണ്ഡലങ്ങളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 404 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞത് രാജീവ് ഗാന്ധിയുടെ അസാധാരണമായ വ്യക്തിത്വം കൊണ്ടു കൂടിയായിരുന്നു.

വിദ്യാഭ്യാസ രംഗത്തും, ശാസ്ത്ര സാങ്കേതിക വാര്‍ത്താവിനിമയ രംഗങ്ങളിലും ഇന്ത്യയില്‍ ഇന്നു കാണുന്ന പുരോഗതിക്ക് അടിത്തറയിട്ടത് രാജീവ് ഗാന്ധിയുടെ ദിശാ ബോധമായിരുന്നു. 21 ഇരുപത്തൊന്ന് ആയിരുന്ന വോട്ടവകാശം 18 ആക്കിയതും, അധികാര വികേന്ദ്രീകരണത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്ന് 73ാം ഭരണഘടനാ ഭേദഗതിയിലൂടെ പഞ്ചായത്തീരാജ് നിയമമാക്കിയതും, കൂറുമാറ്റ നിരോധന നിയമവുമെല്ലാം രാജീവ് ഗാന്ധിയുടെ സംഭാവനകളാണ്.

ആധുനിക ഇന്ത്യയുടെ സ്രഷ്ടാവായ രാജീവ് ഗാന്ധി 1991 ലെ പൊതു തെരഞെടുപ്പില്‍ ശ്രീപെരുമ്പത്തൂരില്‍ വെച്ച് എല്‍ടിടി തീവ്രവാദികളാല്‍ വധിക്കപ്പെട്ടപ്പോള്‍ അനാഥമായത് ഒരു രാജ്യവും ജനതയുമായിരുന്നു. ഇന്നും ഇന്ത്യന്‍ ജനത രാജീവ് ഗാന്ധിയെ നിറസ്മരണകളോടെ ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ സ്മാരകത്തില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു ‘എനിക്കും ഒരു സ്വപ്നമുണ്ട്. ലോകരാജ്യങ്ങളുടെ മുന്‍നിരയില്‍, മാനവ സമൂഹത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ശക്തവും സ്വതന്ത്രവും സ്വാശ്രയത്വവുമുള്ള ഇന്ത്യയെ കുറിച്ചുള്ള സ്വപ്നം.’ സ്വതന്ത്ര ഇന്ത്യയെ സ്പനം കണ്ട സമാരാധ്യനായ ഈ നേതാവിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ജനതയുടെ പ്രണാമം.

Comments (0)
Add Comment