കേന്ദ്രസർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരേ കെപിസിസിയുടെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ച് നാളെ; സംസ്ഥാനവ്യാപകമായി പ്രതിഷേധമാർച്ചും ധർണ്ണയും സംഘടിപ്പിക്കും

Jaihind News Bureau
Monday, November 11, 2019

കേന്ദ്രസർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരേ എഐസിസി ആഹ്വാനപ്രകാരം നാളെ കെപിസിസിയുടെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ചും ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധമാർച്ചും ധർണ്ണയും സംഘടിപ്പിക്കുമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.

മോദി സർക്കാരിന്‍റെ വികലമായ നടപടികളെ തുടർന്ന് രാജ്യത്തുണ്ടായ സാമ്പത്തിക മാന്ദ്യം, രൂക്ഷമായ തൊഴിലില്ലായ്മ, പൊതുമേഖല സ്ഥാപനങ്ങളുടെ വിറ്റുതുലയ്ക്കൽ, അവശ്യ സാധനങ്ങളുടെ അമിതമായ വിലക്കയറ്റം, കാർഷിക മേഖലയുടെ തകർച്ച, ബാങ്കിംഗ് സമ്പ്രദായങ്ങളുടെ നാശം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.

കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നേതൃത്വം നൽകുന്ന രാജ്ഭവൻ മാർച്ചിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.