രാജസ്ഥാൻ ഗവർണർ കല്യാൺ സിംഗ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണ്ടെത്തൽ. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ഞങ്ങളെല്ലാം ബി.ജെ.പി പ്രവർത്തകരാണെന്നും ഗവർണർ കല്യാൺ സിംഗ് പറഞ്ഞിരുന്നു. ഇത് ചട്ടലംഘനമാണെന്നാണ് കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്.
‘ഞങ്ങളെല്ലാം ബി.ജെ.പി പ്രവർത്തകരാണ്. ബിജെപി ജയിക്കും, പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തെരഞ്ഞെടുക്കപ്പെടേണ്ടത് രാജ്യത്തെ സംബന്ധിച്ച് സുപ്രധാനമാണ്.’- കല്യാണ്‍ സിംഗ് പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയിൽ പറയുന്നത് ഗവർണർ സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി ഒരു രാഷ്ട്രീയ പാർട്ടിയോടും വ്യക്തികളോടും അനുഭാവം പ്രകടിപ്പിക്കരുത് എന്നാണ്. ഗവർണർ പദവിയിലിരിക്കുന്ന ഒരാൾ ഇത്തരത്തിൽ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു.