വിജയപ്രതീക്ഷയില്‍ കോണ്‍ഗ്രസ്; ജാതിരാഷ്ട്രീയവുമായി ബി.ജെ.പി; രാജസ്ഥാനിലും തെലങ്കാനയിലും വെള്ളിയാഴ്ച്ച തെരഞ്ഞെടുപ്പ്

Jaihind Webdesk
Wednesday, December 5, 2018

കോണ്‍ഗ്രസും ബി.ജെ.പിയും മുഖാമുഖം ഏറ്റുമുട്ടുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പിയും കഴിഞ്ഞതവണ കൈവിട്ട മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസും രംഗത്തിറങ്ങിയിരിക്കുകയാണ്. ഇതുവരെ കാണാത്ത വീറും വാശിയുമാണ് രാജസ്ഥാനില്‍ കാണാനായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മറ്റ് നേതാക്കളും രാജസ്ഥാനിലെത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ബി.ജെ.പിക്കുവേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചു. ശക്തമായ ഭരണവിരുദ്ധ വികാരമാണ് വസുന്ധര രാജെ സര്‍ക്കാരിനെതിരെ നിലനില്‍ക്കുന്നത്. തൊഴിലില്ലായ്മയും ഗോസംരക്ഷണത്തിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങളുമുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്നു. ഈ ആരോപണങ്ങളെ ജാതിരാഷ്ട്രീയത്തിലൂടെ നേരിടാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കോണ്‍ഗ്രസിന് അനായാസ വിജയം നേടാനാകുമെന്നാണ് പുറത്തുവന്ന സര്‍വ്വേകള്‍ പ്രവചിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ശുഭപ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം.

തെലങ്കാനയിലും ശക്തമായ പ്രചാരണമാണ് കാണാനായത്. മഹാസഖ്യത്തിന്റെ ഭാഗമായ കോണ്‍ഗ്രസും ടി.ഡി.പിയും മുന്നണിയായിട്ടാണ് തെലങ്കാന തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സി.പി.ഐയും തെലങ്കാന രാഷ്ട്ര സമിതിയും സഖ്യത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും മുഖ്യമന്ത്രി ചന്ദ്രബാബു നാഡിയിയും പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി പ്രചാരണങ്ങള്‍ക്കായി തെലങ്കാനയില്‍ എത്തി. ഇരുസംസ്ഥാനങ്ങളിലെയും പ്രചാരണങ്ങള്‍ ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ അവസാനിക്കും. പിന്നെ നിശ്ശബ്ദ പ്രചാരണമാണ്. ഇരുസംസ്ഥാനങ്ങളിലും വെള്ളിയാഴ്ച്ചയാണ് വോട്ടെടുപ്പ്.