രാജസ്ഥാനില്‍ വിജയം ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ്; കരകയറാതെയും തമ്മിലടിച്ചും ബി.ജെ.പി

Jaihind Webdesk
Saturday, March 9, 2019

ജയ്പൂര്‍: രാജസ്ഥാനില്‍ തെരഞ്ഞെടുപ്പൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കോണ്‍ഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കൈവരിച്ച വിജയം ആവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെയും ഉപമുഖ്യമന്ത്രി സച്ചിന്‍പൈലറ്റിന്റെയും നേതൃത്വത്തില്‍ തയ്യാറായി കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത ബി ജെ പിയില്‍ തമ്മിലടി രൂക്ഷമാണ്. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയ്‌ക്കെതിരായി പാര്‍ട്ടിയില്‍ ഒരു വലിയ വിഭാഗമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിലും ബി ജെ പിയുടെ സീറ്റുകള്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തിരുന്നു. 2018 ആദ്യം നടന്ന അല്‍വാര്‍, അജ്‌മേര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിലാണ് കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ച് ബി.ജെ.പിയെ ഞെട്ടിച്ചത്.

അടുത്തിടെ നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി യുടെ സിറ്റിങ് സീറ്റായ രാംഗഢ് പിടിച്ചെടുക്കാനും കോണ്‍ഗ്രസിന് സാധിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കുന്ന പാര്‍ട്ടി ലോക്‌സഭയിലും കൂടുതല്‍ സീറ്റുകള്‍ നേടുന്നതാണ് രാജസ്ഥാനില്‍ 20 വര്‍ഷമായുള്ള രാഷ്ടീയചിത്രം. 2003ല്‍ നിയമസഭയിലേക്ക് 120 സീറ്റുകളുമായി ബി ജെ പി ജയിച്ചപ്പോള്‍ തൊട്ടടുത്ത വര്‍ഷം കേന്ദ്രത്തില്‍ യു പി എ സര്‍ക്കാറാണ് അധികാരത്തിലേറിയത്. എന്നാല്‍ അന്ന് 21 സീറ്റുകളുമായി ബി ജെ പി രാജസ്ഥാനില്‍ നേട്ടമുണ്ടാക്കി. 2008ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ചുവന്നപ്പോള്‍ അടുത്ത വര്‍ഷത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിലും നേട്ടം ആവര്‍ത്തിച്ചു. 20 സീറ്റിലാണ് കോണ്‍ഗ്രസ് അന്ന് വിജയിച്ചത്.

2013ല്‍ വസുന്ധരരാജ മുഖ്യമന്ത്രിയായ ശേഷം 2014ല്‍ ലോക്‌സഭയിലേക്ക് മുഴുവന്‍ സീറ്റുകളും ബി ജെ പി നേടി. ഇപ്രകാരം പരിശോധിച്ചാലും ചരിത്രം കോണ്‍ഗ്രസിന് അനുകൂലമാണ്. 2018 ഡിസംബറില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചുവന്നതിനാല്‍ ലോക്‌സഭയിലേക്ക് വന്‍ വിജയമാവും കാത്തിരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിനെല്ലാം പുറമെ മോദി ഭരണത്തിനെതിരായ ജനവികാരവും കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയതുള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാറിന്റെ നടപടിയും ഏറെ ഗുണം ചെയ്യും. അധികാരത്തിലേറിയ ഉടന്‍ കര്‍ഷകര്‍ക്കുവേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്ന ഉറപ്പ് പാലിക്കാനും ഗെഹ്‌ലോട്ട് സര്‍ക്കാറിന് സാധിച്ചു. പാഠപുസ്തകങ്ങളിലുള്‍പ്പെടെ വരുത്തിയ കാവിവത്കരണം ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍.
മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങിന്റെ മകന്‍ മാനവേന്ദ്രസിങിനെപോലുള്ള ബി ജെ പി നേതാക്കള്‍ പാര്‍ട്ടി വിട്ടതും അവര്‍ക്ക് ക്ഷീണമാവും. ഗുലാബ്ചന്ദ് കത്തീരിയയെ പ്രതിപക്ഷ നേതാവാക്കിയതില്‍ വസുന്ധര സിന്ധ്യ അനുകൂലികള്‍ അസംതൃപ്തരാണ്.
പാര്‍ട്ടി അധ്യക്ഷന്‍ മദന്‍ലാല്‍ സൈനിയെ മുന്‍നിര്‍ത്തിയാണ് വസുന്ധര ഇപ്പോള്‍ പാര്‍ട്ടി പിടിക്കാന്‍ ശ്രമിക്കുന്നത്. ഈ ചേരിപ്പോര് പ്രതിഫലിച്ചാല്‍ ബി ജെ പിക്ക് ഒരു സീറ്റ്‌പോലും നേടാനാവാത്ത വിധത്തിലേക്ക് കാര്യങ്ങള്‍ മാറിമറിഞ്ഞേക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ വിജയം നേടിയ സ്ഥാനത്താവും അത്തരമൊരു വീഴ്ച. ആ കുറവ് മോദി സര്‍ക്കാറിന്റെ പതനത്തിനും ആക്കം കൂട്ടും.