രാജസ്ഥാൻ തിരിച്ചുപിടിക്കാൻ കോൺഗ്രസ്; ഭരണവിരുദ്ധ വികാരത്തിന്‍റെ ആശങ്കയില്‍ ബി.ജെ.പി

Jaihind Webdesk
Monday, December 3, 2018

Congress-win

തെരഞ്ഞെടുപ്പു പ്രചാരണം അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കേ രാജസ്ഥാൻ തിരിച്ചുപിടിക്കാൻ കോൺഗ്രസ് നടത്തുന്നത് ചിട്ടയായ നീക്കം. സച്ചിൻ പൈലറ്റിൻറെ നേതൃത്വത്തിൽ കോൺഗ്രസ് മുന്നേറുമ്പോൾ ഭരണവിരുദ്ധ വികാരത്തെ എങ്ങനെ മറികടക്കുമെന്ന ആശങ്കയിലാണ് ബി.ജെ.പി

1998 ന് ശേഷം ഒരു പാർട്ടിക്കും ഭരണതുടർച്ച നൽകാത്ത സംസ്ഥാനമാണ് രാജസ്ഥാൻ. അതുകൊണ്ട് തന്നെ ഇത്തവണ രാജസ്ഥാൻ പിടിക്കാൻ കോൺഗ്രസ് നിയോഗിച്ചിരിക്കുന്നത് സച്ചിൻ പൈലറ്റിനെയാണ്.  പുറത്തുവന്ന എക്‌സിറ്റ് പോളുകളടക്കം കോൺഗ്രസിന് അനുകൂലമാണെന്നും, രാജസ്ഥാൻ ബിജെപിയെ കൈവിടുമെന്നും വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെ ചിട്ടയായ പ്രവർത്തനമാണ് കോൺഗ്രസ് നടത്തുന്നത്.  കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഭരണവിരുദ്ധവികാരവും വഴിവിട്ട നയങ്ങളും അഴിമതിയും മുഖ്യപ്രചാരണ വിഷയങ്ങളാക്കി കോൺഗ്രസ് ജനങ്ങളിലേക്ക് പടരുമ്പോൾ ബി.ജെ.പി വർഗീയത ആയുധമാക്കിയാണ് സംസ്ഥാനം തിരിച്ചു പിടിക്കാൻ പാടുപെടുന്നത്. കർഷകർക്ക് മുൻതൂക്കം നൽകിയും കൃഷി വായ്പകൾ എഴുതി തള്ളിയും യുവാക്കൾക്കും ന്യൂനപക്ഷങ്ങൾക്കും ഒരുപോലെ പ്രാതിനിധ്യം കൽപ്പിക്കുന്നതുമായ പ്രകടന പത്രികയാണ് കോൺഗ്രസ് പുറത്തിറക്കിയത്.

അതേസമയം വോട്ട് ബാങ്ക് മാത്രം ലക്ഷ്യം വെച്ചുള്ള പ്രകടന പത്രികയിൽ ന്യൂനപക്ഷങ്ങളെ പാടെ തഴഞ്ഞ ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രികയിൽ പോലും വർഗീയ ധ്രുവീകരണം വ്യക്തമായി മനസിലാകും. മാനവേന്ദ്ര സിങ്ങിൻറെ കോൺഗ്രസ് പ്രവേശനത്തോടെ രജപുത്ര സമൂഹത്തിന്റെ പിന്തുണ ഉറപ്പിക്കുന്ന കോൺഗ്രസ് സ്വതസിദ്ധമായ നയരൂപീകരണത്തിന്റെ ചുവടുപിടിച്ച് ദളിത്, മുസ്ലീം ഒബിസി സമുദായങ്ങളുടെ പിന്തുണയും നേടിക്കഴിഞ്ഞു. സച്ചിൻ പൈലറ്റിന് പുറമേ അശോക് ഗെഹ്‌ലോട്ട് സി.പി ജോഷി എന്നീ മുതിർന്ന നേതാക്കളും പ്രചരണ രംഗത്ത് സജീവമാണ്. ഇതുയുർത്തിക്കാട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലി ബിജെപി കോൺഗ്രസിനെ ആക്രമിക്കുന്നുണ്ടെങ്കിലും അതിനെല്ലാം പ്രതിരോധം തീർക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടുണ്ട്. ഭരണവിരുദ്ധവികാരത്തെ മറികടക്കാൻ പണമൊഴുക്കുന്നതിനൊപ്പം വർഗീയ പ്രചാരണം കൂടി ചൂടുപിടിപ്പിച്ച് സംസ്ഥാനം തിരികെ പിടിക്കാമെന്ന ബി.ജെ.പിയുടെ തന്ത്രത്തിന് കനത്ത തിരിച്ചടിയാവും രാജസ്ഥാൻ നൽകുകയെന്നാണ് തെരെഞ്ഞെടുപ്പു നിരീക്ഷകർ കരുതുന്നത്.[yop_poll id=2]