മുഖ്യമന്ത്രിയുടെ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല; കാന്‍സറില്ലാതെ കീമോതെറാപ്പി ചെയ്ത സംഭവത്തില്‍ രജനി നിരാഹാര സമരത്തില്‍

Jaihind Webdesk
Wednesday, September 11, 2019

കാന്‍സറില്ലാതെ കീമോതെറാപ്പി ചെയ്ത സംഭവത്തില്‍ നീതി ഉറപ്പായില്ലെന്ന് ആരോപിച്ച് രജനി നിരാഹാര സമരത്തില്‍. മാവേലിക്കര നഗരസഭയ്ക്ക് മുന്നിൽ നിരാഹാര സമരത്തിന് രജനി തുടക്കമിട്ടു. തിരുവോണ ദിവസമായ ഇന്നാണ് നിരാഹാര സമരം ആരംഭിച്ചത്. നഷ്ടപരിഹാരത്തുക ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് രജനി സമരമിരിക്കുന്നത്.  മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ല എന്ന് രജനി ആരോപിച്ചു. സംഭവത്തിൽ രജനിക്ക് എല്ലാ സഹായവും ചെയ്ത് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിരുന്നു. നിയമസഭയിലായിരുന്നു മുഖ്യമന്ത്രി ഇത് സംബന്ധിച്ച് ഉറപ്പ് നൽകിയത്. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ആ ഉറപ്പ് പാലിച്ചില്ല എന്നാണ് രജനി ആരോപിക്കുന്നത്.

പന്തളത്തിനടുത്ത് കുടശനാട് സ്വദേശിനിയായ രജനി എന്ന യുവതിക്കാണ് ക്യാന്‍സര്‍ സ്ഥിരീകരിക്കാതെ കിമോ തെറാപ്പി നടത്തിയത്. കോട്ടയം മെഡിക്കല്‍ കോളജിലായിരുന്നു സംഭവം. ഡയനോവ എന്ന് പേരുള്ള സ്വകാര്യ ലാബിലെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കീമോ തെറാപ്പി ചെയ്തത്. പ്രാഥമിക പരിശോധനകളില്‍ ക്യാന്‍സറുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കീമോ നടത്തിയതെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ അന്ന് നൽകിയ വിശദീകരണം.

എന്നാല്‍, ആദ്യ കീമോ ചെയ്തതിനു ശേഷമാണ് ക്യാന്‍സറില്ലെന്ന പതോളജി ലാബിലെ പരിശോധന ഫലം ലഭിച്ചത്. സാമ്പിളുകള്‍ പരിശോധിച്ചതില്‍ വീഴ്ചയുണ്ടെന്ന് പീന്നീടാണ് ബോധ്യപ്പെട്ടത്. ഉടനെ തന്നെ സ്വകാര്യ ലാബില്‍ പരിശോധനയ്ക്ക് നല്‍കിയ സാമ്പിളുകള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം രജനി തിരികെ വാങ്ങി. തുടര്‍ന്ന് പതോളജി ലാബിലും തിരുവനന്തപുരം ആര്‍സിസിയും പരിശോധിച്ചു. ഈ പരിശോധനയിലും ക്യാന്‍സര്‍ കണ്ടെത്താനായില്ല. ക്യാൻസറില്ലാത്ത രജനിക്ക് കീമോ ചെയ്ത സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രിയും ഉറപ്പ് നൽകിയിരുന്നു.