ചതിയില്‍ ജീവിതം അവസാനിച്ച ബിസ്‌കറ്റ് രാജാവിന്റെ കഥ ‘സിദ്ധാര്‍ത്ഥന്‍’: രാജന്‍പിള്ളയുടെ ജീവിതം ആസ്പദമാക്കിയ നോവലുമായി സഹോദരന്‍ ഡോ. രാജ്‌മോഹന്‍പിള്ള

തൊണ്ണൂറുകളില്‍ ജീവിച്ചിരുന്ന ഒരു മലയാളിയും മറക്കാത്ത സംഭവമാണ് ബിസ്‌ക്കറ്റ് രാജാവ് എന്നറിയപ്പെട്ടിരുന്ന പ്രമുഖ വ്യവസായി രാജന്‍ പിള്ളയുടെ തിഹാര്‍ ജയിലില്‍ വച്ചുണ്ടായ ദുരൂഹ മരണം . കൊല്ലം പോലൊരു ചെറുപട്ടണത്തില്‍ ജനിച്ചു വളര്‍ന്ന് ലോകത്തെ പ്രമുഖ വ്യവസായി വളര്‍ന്ന രാജന്‍ പിള്ള മലയാളിയുടെ അഭിമാനവും പ്രചോദനവുമായിരുന്നു. രാജന്‍ പിള്ളയുടെ ജീവിതത്തെ വിഷയമാക്കി അദ്ദേഹത്തിന്റെ വിയോഗത്തിന്റെ 24 ആം വര്‍ഷത്തില്‍ ഇളയ സഹോദരനായ വ്യവസായി ഡോ. രാജ് മോഹന്‍ പിള്ള എഴുതിയ ‘സിദ്ധാര്‍ത്ഥന്‍ ‘ എന്ന നോവല്‍ പുറത്തു വന്നിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ഈ നോവലിനെയും രാജന്‍ പിള്ളയുടെ ജീവിതത്തിലെ അറിയാത്ത ഏടുകളെ കുറിച്ചും രാജ്‌മോഹന്‍ പിള്ള പറയുന്നു.

രാജന്‍പിള്ളയുടെ മരണത്തിലേക്ക് നയിച്ച എ വെയ്സ്റ്റഡ് ഡെത്ത് എന്ന പുസ്തകത്തിന് ലഭിച്ച സ്വീകാര്യതയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനത്തെക്കുറിച്ചും തത്വചിന്താപരമായ ആശങ്കകളെക്കുറിച്ചും ഒരു നോവല്‍ എഴുതുന്ന ആശയത്തിലേക്ക് എത്തിയത്. രാജ്‌മോഹന്‍പിള്ളയുടെ ബാല്യത്തില്‍ തന്നെ വളരെ തിരക്കുള്ള വ്യവസായി ആയി മാറിയിരുന്ന രാജന്‍പിള്ളയുടെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നത് 1995 നാട്ടില്‍ തിരിച്ചെത്തിയ കാലത്താണ്. കഠിനാധ്വാനിയും ആര്‍ക്കും ഉപദ്രവം ചെയ്യാത്തവനുമായ രാജന്‍പിള്ളയ്ക്ക് എന്തുകൊണ്ട് ഇങ്ങനെയൊരു വീഴ്ചയുണ്ടായി എന്ന് അദ്ദേഹം വല്ലാതെ വേദനിച്ചിരുന്നു. ജീവിതത്തെ കുറിച്ച് താത്വികമായി സംസാരിച്ചിരുന്നു. അതാണ് പ്രധാനമായും ‘സിദ്ധാര്‍ത്ഥ’ന്റെ ഉള്ളടക്കം.

ലണ്ടനില്‍ പ്രഭാത ഭക്ഷണം, ആംസ്റ്റര്‍ഡാമില്‍ ഉച്ചഭക്ഷണം, പാരീസില്‍ അത്താഴം . ഇങ്ങനെയൊക്കെയായിരുന്നു രാജന്‍പിള്ളയുടെ ജീവിതശൈലിയെന്ന പ്രചാരണത്തെ രാജ്‌മോഹന്‍ പിള്ള തള്ളിക്കളയുന്നില്ല. അത് ഏറെക്കുറേ സത്യമാണ്. രാജന്‍ പിള്ളയുടെ ബിസിനസ് ശൈലി അതായിരുന്നു. സമൂഹത്തിലെ ഉന്നതരുമായി ഉണ്ടാക്കിയെടുക്കുന്ന അടുത്ത സൗഹൃദം. അതിനു വേണ്ടി നടത്തുന്ന രാജ്യാന്തര യാത്രകള്‍,സംഘടിപ്പിക്കുന്ന പാര്‍ട്ടികള്‍. അവയൊക്കെ മികച്ച ബിസിനസ് അവസരങ്ങളാക്കി മാറ്റിയെടുക്കുന്നതിലുള്ള വൈഭവം ഒന്നു വേറേ തന്നെയായിരുന്നു. സുഹൃത്തുക്കളില്‍ രാഷ്ട്രീയക്കാര്‍, സിനിമാ താരങ്ങള്‍, കായിക താരങ്ങള്‍ തുടങ്ങി ഒട്ടേറെ പേരുണ്ടായിരുന്നു.

അതിനെക്കുറിച്ച് ഒരു സംഭവവും രാജ്‌മോഹന്‍പിള്ള ഓര്‍ക്കുന്നുണ്ട്. അതിങ്ങനെ: ‘ ലണ്ടനിലെ ഹോലണ്ട് പാര്‍ക്കില്‍ ആഡിസണ്‍ റോഡിലുള്ള രാജന്‍പിള്ളയുടെ വസതിയില്‍ ഒരവധിക്കാലം ചെലവഴിക്കാനാണ് ഞാനും ഞങ്ങളുടെ അടുത്ത ബന്ധുവുമായ അംബിക പിള്ളയും (ഇപ്പോഴത്തെ പ്രമുഖ ഹെയര്‍സ്‌റ്റൈലിസ്റ്റ് ) എത്തിയത്. രാജണ്ണന്‍ അപ്പോള്‍ എത്തിയിട്ടില്ല. ഞങ്ങള്‍ വസതിയിലേക്ക് കയറുമ്പോള്‍ ഒരാള്‍ സന്ദര്‍ശക മുറിയില്‍ ഇരിക്കുന്നുണ്ട്. ഞാന്‍ ആളെകാര്യമായി ശ്രദ്ധിച്ചില്ല.എന്നാല്‍ അംബിക ശ്രദ്ധിച്ചു. പിന്നെ അംബിക ഒരലര്‍ച്ചയായിരുന്നു. ‘അയ്യോ ഇമ്രാന്‍ ‘ എന്നു വിളിച്ച്. പാക് ക്രിക്കറ്ററായ ഇമ്രാനാണ് രാജണ്ണന്റെ സന്ദര്‍ശക മുറിയില്‍ അദ്ദേഹത്തെയും കാത്തിരുന്നത് എന്നു ഞങ്ങള്‍ക്കു വിശ്വസിക്കാനായില്ല. 1990 ആണ് വര്‍ഷം. ഇമ്രാന്‍ കത്തി നില്‍ക്കുന്ന സമയം . പിന്നീട് രാജണ്ണന്‍ എത്തി ഇമ്രാനോടൊപ്പം ഞങ്ങളെയും പാര്‍ട്ടിക്കു കൊണ്ടുപോയി.ഇമ്രാനന് സസെക്‌സിനു വേണ്ടി കൗണ്ടി കളിക്കുന്നുണ്ട്. പിറ്റേന്ന് മാച്ചുണ്ടായിരുന്നതിനാല്‍ അദ്ദേഹം അന്നു നൃത്തം ചെയ്യാന്‍ നില്‍ക്കാതെ നേരത്തേ പോയി. അതില്‍ പ്രതിഷേധിച്ച് അന്നത്തെ അദ്ദേഹത്തിന്റെ ഇംഗ്ലീഷുകാരിയായ കാമുകി വഴക്കിട്ടതൊക്കെ ഞങ്ങളുടെ മുന്നില്‍ വച്ചായിരുന്നു’ രാജ്‌മോഹന്‍പിള്ള പറയുന്നു. ഇതു പോലെ എല്ലാ മേഖലയിലും സൗഹൃദങ്ങളുണ്ടായിരുന്നെന്നും എന്നാല്‍ അവസാനകാലത്ത് പലരും കണ്ട ഭാവം നടിച്ചില്ലെന്നതിനെക്കുറിച്ച് ഇപ്പോള്‍ ആവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment