രാജമല ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി രമേശ് ചെന്നിത്തല ; അപകട പ്രദേശത്തുള്ളവരെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കാന്‍ നടപടി സ്വീകരിക്കണം

Jaihind News Bureau
Friday, August 7, 2020

തിരുവനന്തപുരം: ഇടുക്കി രാജമല പെട്ടിമുടി ദുരന്തത്തില്‍ നടുക്കവും ദുഃഖവും രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് വ്യാപനത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന സംസ്ഥാനത്തിന് വലിയ ആഘാതമാണ് രാജമല ദുരന്തം ഉണ്ടാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അപകടാവസ്ഥയിലുള്ള പ്രദേശത്തെ ആള്‍ക്കാരെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ സാധ്യമായതെല്ലാം അടിയന്തരമായി ചെയ്യണമെന്ന് അദ്ദേഹം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചു. 78 ഓളം പേര്‍ താമസിച്ചിരുന്ന പാടികളുടെ മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കുറച്ചുപേരെ മാത്രമേ രക്ഷിക്കാന്‍ സാധിച്ചുള്ളൂ. വഴികളെല്ലാം തകർന്ന അവസ്ഥയിലാണുള്ളത്. പ്രതികൂല കാലാവസ്ഥ കാരണം ഹെലികോപ്റ്ററുകളും മറ്റും ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനവും ഫലപ്രദമാകുന്നില്ല.  കൂടുതല്‍ മെഡിക്കല്‍ സംഘത്തെ  പ്രദേശത്ത് എത്തിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

രക്ഷാപ്രവര്‍ത്തനത്തിന് എല്ലാവരും ഒത്തൊരുമിച്ച് ഇറങ്ങണമെന്ന് പ്രതിപക്ഷനേതാവ് അഭ്യര്‍ത്ഥിച്ചു. കനത്ത മഴ തുടരുന്നതിനാല്‍ ഇതുപോലെ അപകടാവസ്ഥയിലുള്ള വരെ മാറ്റി പാര്‍പ്പിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണം. ലയങ്ങളില്‍ ഭക്ഷണ സാധനങ്ങള്‍ കിട്ടാത്ത അവസ്ഥയുണ്ട്. അവിടെ ഭക്ഷണക്കിറ്റുകള്‍ എത്തിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.