മോദി സര്‍ക്കാരിനെയും ബി.ജെ.പിയെയും രൂക്ഷമായ ഭാഷയില്‍ ആക്രമിച്ച് രാജ് താക്കറെ. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി രാജ്യത്ത് പുൽവാമ മാതൃകയിൽ മറ്റൊരു ആക്രമണം കൂടിയുണ്ടാകുമെന്ന് മഹാരാഷ്ട്ര നവ നിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെ. ആക്രമണം രണ്ട് മാസത്തിനുള്ളിൽ ഉണ്ടാകുമെന്നും രാജ് താക്കറെ പറഞ്ഞു. മോദി സര്‍ക്കാരിനെതിരെ ഗുരുതര ആരോപണമാണ് രാജ് താക്കറെ ഉന്നയിച്ചത്.
‘എന്‍റെ വാക്കുകൾ എഴുതിവെച്ചോളൂ, പുൽവാമയ്ക്ക് സമാനമായ ഒരു ആക്രമണം കൂടി രണ്ടു മാസത്തിനുള്ളിൽ രാജ്യത്തുണ്ടാകും. ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെയാകും ആക്രമണം ഇത് പല വിഷയങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ച് ദേശസ്നേഹത്തിലേക്ക് വഴി തിരിച്ചുവിടും’ – താക്കറെ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും രാമക്ഷേത്ര വിഷയത്തിലടക്കം തങ്ങളുടെ എല്ലാ നയങ്ങളിലും പരാജയപ്പെട്ടെന്നും രാജ് താക്കറെ കുറ്റപ്പെടുത്തുന്നു.
ബലാകോട്ടിലെ തിരിച്ചടിയിൽ 250ൽ അധികം ഭീകരർ കൊല്ലപ്പെട്ടുവെന്ന് പറഞ്ഞ ബി.ജെ.പി അധ്യക്ഷൻ അമിത് ഷായെ താക്കറെ പരിഹസിച്ചു. വ്യോമാക്രമണത്തിൽ പങ്കെടുത്ത സഹ പൈലറ്റുകളിൽ ഒരാളായിരുന്നോ അമിത് ഷായെന്നായിരുന്നു രാജ് താക്കറയുടെ ചോദ്യം.
രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പുകൾ അവഗണിച്ചതാണ് പുൽവാമ ഭീകരാക്രമണത്തിലൂടെ 40 ധീരസൈനികരുടെ ജീവന്‍ നഷ്ടമാകാന്‍ കാരണമായത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചോദ്യം ചെയ്താൽ പലകാര്യങ്ങളും പുറത്ത് വരും. ഡിസംബറിൽ പാകിസ്ഥാൻ സുരക്ഷാ ഉപദേഷ്ടാവിനെ ബാങ്കോക്കിൽ വെച്ച് ഡോവൽ കണ്ടിരുന്നു. കൂടിക്കാഴ്ചയിൽ എന്താണ് ചർച്ച ചെയ്തതെന്ന് അദ്ദേഹം വെളിപ്പെടുത്തണമെന്നും രാജ് താക്കറെ പറഞ്ഞു.
2015 ലെ പത്താന്‍കോട്ട് ഭീകരാക്രമണത്തിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാന്‍റെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2015 ഡിസംബര്‍ 25ന് നടന്ന കൂടിക്കാഴ്ചയില്‍ നവാസ് ഷെരീഫിന് പിറന്നാള്‍ ആശംസകളറിയിച്ച് കേക്ക് സമ്മാനിച്ചു. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പത്താന്‍കോട്ട് ഭീകരാക്രമണമുണ്ടായത്. 2016 ജനുവരി രണ്ടിനായിരുന്നു പത്താന്‍കോട്ട് ഭീകരാക്രണമുണ്ടായത്. നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു ആക്രമണം. യഥാര്‍ഥ ശത്രു രാജ്യത്തിന് പുറത്താണോ അതോ അകത്തുതന്നെയാണോ എന്ന ഗുരുതര ചോദ്യവും രാജ്താക്കറെ ഉന്നയിച്ചു.