രാജ്കുമാറിന്‍റെ മരണകാരണം ക്രൂരമർദ്ദനം ; കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

Jaihind News Bureau
Thursday, January 7, 2021

Rajkumar

 

തിരുവനന്തപുരം : നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി മരണക്കേസിൽ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ലോക്കപ്പ് മർദ്ദനമാണ്  മരണ കാരണമെന്നും കുറ്റക്കാരെ സർവീസിൽ നിന്നും നീക്കണമെന്നും കമ്മീഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു. കുറ്റക്കാർ ശിക്ഷിക്കപ്പെടുമ്പോൾ ആണ് കുടുംബത്തിന് നീതി കിട്ടുകയെന്നും അനന്തമായി നീണ്ടു പോകാതെ നടപടികൾ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജസ്റ്റിസ് കെ നാരായണക്കുറുപ്പ് മാധ്യമങ്ങളോട് പ്രതികരിച്ചു.

പൊലീസ് കസ്റ്റഡിയിലിരിക്കെ ഉണ്ടായ ക്രൂരമർദ്ദനം ആണ്  രാജ്കുമാറിന്‍റെ മരണത്തിന് കാരണമെന്ന റിപ്പോർട്ടാണ് ജസ്റ്റിസ് നാരായണക്കുറുപ്പ് ചെയർമാനായ ജുഡീഷ്യൽ കമ്മീഷൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. തുടക്കം മുതൽ അന്വേഷണം അട്ടിമറിക്കാൻ പൊലീസ് ശ്രമിച്ചെന്നും കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. ആരോപണവിധേയരായ നെടുങ്കണ്ടം എസ്ഐ ഉൾപ്പെടെ ജുഡീഷ്യൽ കമ്മീഷനുമായി സഹകരിച്ചില്ലെന്നും ജസ്റ്റിസ് കെ നാരായണക്കുറുപ്പ് പറഞ്ഞു.

കുറ്റക്കാർ ശിക്ഷിക്കപ്പെടുമ്പോഴാണ് രാജ്കുമാറിന്റെ കുടുംബത്തിന് നീതി ലഭിക്കുകയെന്നും അനന്തമായി നീണ്ടു പോകാതെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കമ്മീഷൻ പ്രതികരിച്ചു. 2019 ജൂൺ 21 നാണ് പൊലീസ് കസ്റ്റഡിയിൽ രാജ്കുമാർ മരിച്ചത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് ജുഡീഷ്യൽ കമ്മീഷൻ മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് മരണകാരണം ലോക്കപ്പ് മർദ്ദനം ആണെന്ന് കണ്ടെത്തിയത്.

സംഭവത്തിൽ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്. എസ്.പി ബി വേണുഗോപാലിനെയും രണ്ട് ഡിവൈഎസ്.പിമാരേയും അന്വേഷണസംഘം നുണ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അതിനിടയിലാണ് ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. റിപ്പോർട്ട് അടുത്ത ദിവസം മുഖ്യമന്ത്രി നിയമസഭയിൽ സമർപ്പിക്കും. ഇതിനു പിന്നാലെ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും എന്നാണ് സൂചന.