“ഹനുമാനെ വിട്ടേക്കൂ, ഇല്ലെങ്കില്‍ നിങ്ങളുടെ ലങ്ക തന്നെ അഗ്നിക്കിരയാകും” – ബി.ജെ.പിയോട് രാജ് ബബ്ബാര്‍

Jaihind Webdesk
Tuesday, December 25, 2018

Raj-Babbar

ഹനുമാനെതിരായ വിവാദ പരാമര്‍ശങ്ങള്‍ ഇനിയും അവസാനിപ്പിക്കാന്‍ ബി.ജെ.പി നേതാക്കള്‍ തയാറായില്ലെങ്കില്‍ ബി.ജെ.പി കൂടുതല്‍ തകര്‍ച്ചയെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാര്‍. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ട് നടത്തിയ പരാമര്‍ശങ്ങളും തെരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് ഏറ്റ തിരിച്ചടിയും ചൂണ്ടിക്കാട്ടിയാണ് ബബ്ബാര്‍ രംഗത്തെത്തിയത്.

ഹനുമാന്‍ അദ്ദേഹത്തിന്‍റെ വാലൊന്ന് ചലിപ്പിച്ചപ്പോള്‍ത്തന്നെ ബി.ജെ.പിക്ക് മൂന്ന് സംസ്ഥാനങ്ങള്‍ നഷ്ടമായി. ഇനിയും കുഴപ്പത്തിലാക്കാനാണ് ഉദ്ദേശമെങ്കില്‍  ഹനുമാന്‍ നിങ്ങളുടെ ലങ്ക തന്നെ അഗ്നിക്കിരയാക്കുമെന്നായിരുന്നു രാജ് ബബ്ബാറുടെ ഓര്‍മപ്പെടുത്തല്‍.

ഹനുമാന്‍ ആദിവാസി ദളിതന്‍ ആണെന്നായിരുന്നു യു,പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. അതിനാല്‍ ഓരോ സ്ഥാനാര്‍ഥിയും ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നും യോഗി ആവശ്യപ്പെട്ടു. രാജസ്ഥാന്‍ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിനിടെയായിരുന്നു യോഗി ആദിത്യനാഥിന്‍റെ വിവാദ പരാമര്‍ശം. ഇത്തരത്തില്‍ ബി.ജെ.പി നേതാക്കള്‍ ഹനുമാന്‍റെ ജാതി പരാമര്‍ശിച്ച്  രാഷ്ട്രീയ നേട്ടത്തിനായി കരുവാക്കുന്നതിനെതിരെയാണ് രാജ് ബബ്ബാര്‍ രംഗത്തെത്തിയത്.

യോഗി ആദിത്യനാഥിന് പിന്നാലെ ഉത്തര്‍പ്രദേശ് മന്ത്രിമാരായ ചേതന്‍ ചൌഹാന്‍,  ചൌധരി ലക്ഷ്മി നാരായണ്‍, ബി.ജെ.പി എം.എല്‍.എ ബുക്കല്‍ നവാബ് തുടങ്ങിയ ബി.ജെ.പി നേതാക്കളും ഹനുമാന്‍റെ ജാതി പരാമര്‍ശിച്ച് രംഗത്തെതത്തിയിരുന്നു. ഹനുമാന്‍ ജാട്ട് വിഭാഗക്കാരനാണെന്ന് മന്ത്രി ചൌധരി ലക്ഷ്മി നാരായണ്‍ പറഞ്ഞപ്പോള്‍ അദ്ദേഹം മുസ്ലീമാണെന്നായിരുന്നു ബി.ജെ.പി എം.എല്‍.എ ബുക്കല്‍ നവാബിന്‍റെ കണ്ടെത്തല്‍. ഹനുമാന്‍ ഒരു കായികതാരമാണെന്ന് പറഞ്ഞ മന്ത്രി ചേതന്‍ ചൌഹാനും ഒട്ടും മോശമാക്കിയില്ല.