സംസ്ഥാനത്ത് ഇന്ന് മുതൽ മഴയുടെ ശക്തി കുറയും

Jaihind News Bureau
Sunday, August 11, 2019

സംസ്ഥാനത്ത് ഇന്ന് മുതൽ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും റെഡ് അലർട്ടാണ്. എറണാകുളം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. തെക്കൻ ജില്ലകളിൽ കനത്ത മഴക്ക് സാധ്യതയില്ല. ബംഗാൾ ഉൾക്കടലിൽ തിങ്കളാഴ്ചയോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ കേരളത്തിൽ ഇതു മൂലം മഴ ശക്തമാകില്ലെന്നാണ് വിലയിരുത്തലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കോട്ടയം ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം. വെള്ളം കയറിയ പാലാ ഈരാറ്റുപേട്ട പ്രദേശങ്ങൾ പൂർവ സ്ഥിതിയിലേക്ക് ആകുന്നു. കോട്ടയത്ത്‌ പടിഞ്ഞാറൻമേഖലയിൽ ഇപ്പോഴും വെള്ളക്കെട്ടുണ്ട്. ജില്ലയിൽ 117 ക്യാമ്പുകളിലായി 10000 ആളുകളുണ്ട്. വൈക്കം തലയാഴം ഉള്ളാട്ടിൽ ഗഗന്‍റെ മകൻ അരവിന്ദ് (22) വെള്ളക്കെട്ടിൽ വീണ് മരിച്ചു. മൂന്നാർ, ആലപ്പുഴ, കുമരകം ചേർത്തല റൂട്ടിൽ KSRTC കോട്ടയത്തുനിന്നുള്ള സർവീസ് നിർത്തി വച്ചു.

ഇടുക്കിയില്‍ മഴയുടെ ശക്തി കുറയുന്നു. അതേസമയം, മുല്ലപ്പെരിയാർ 129 അടിയായി ഉയർന്നു

തൃശ്ശൂര്‍ ചാവക്കാട് ഏനമാവ് റോഡില്‍ വൈദ്യുതിക്കമ്പി പൊട്ടിവീണ് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. മലപ്പുറം പാലപ്പെട്ടി സ്വദേശി ഷെരീക്ക് ആണ് മരിച്ചത്‌.

പാലക്കാട്‌ മഴയ്ക്ക് ശമനം. വെള്ളം കയറിയ നഗര പ്രദേശങ്ങൾ പൂർവ സ്ഥിതിയിലായി.

കോഴിക്കോട് ബത്തേരി റൂട്ടിൽ കെ എസ് ആർ ടി സി സർവീസ് പുനരാരംഭിച്ചു. കോഴിക്കോട് പെരിന്തൽമണ്ണ സർവീസ് നടത്തുന്നു. പാലക്കാട് കോഴിക്കോട് സർവീസ് ആര०ഭിച്ചിട്ടില്ല. നിലമ്പൂർ, മുക്ക०, വഴിക്കടവ് പ്രദേശത്തേക്ക് സർവീസ് പോകാൻ കഴിയുന്നില്ല. കുറ്റ്യാടി മാനന്തവാടി റൂട്ടിൽ ഉടൻതന്നെ സർവീസ് ആരംഭിക്കുന്നതാണ്. ഒഴുക്കിൽപ്പെട്ട് കാണാതായ വടകര താലൂക്ക് വേളം പാറവപ്പൊയിൽ അബ്ദുള്ളയുടെ മകൻ ഫാസിലിന്‍റെ (വയസ്സ് 24) മൃതദേഹം ലഭിച്ചു. ഇതോടെ ജില്ലയിലെ മരണസംഖ്യ പതിനാറായി.

കണ്ണൂരിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇന്ന് രാവിലെ മുതൽ മഴ കുറവാണ്. രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായ ഇടങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി തുടങ്ങിട്ടുണ്ട്. കണ്ണൂർ കാസർഗോഡ് സർവീസുകൾ മുടക്കമില്ലാതെ നടക്കുന്നു. നാടുകാണിയിൽ തമിഴ്നാട് ഭാഗത്ത് മണ്ണ മാറ്റാത്തതിനാൽ സർവീസ് പോകാൻ കഴിയുന്നില്ല.

കാസർകോട് ജില്ലയിൽ മഴ കുറഞ്ഞു വരുന്നു. എന്നാല്‍ ജില്ലയിൽ ഇന്നും റെഡ് അലർട്ട് നിലനിൽക്കുന്നുണ്ട്. പക്ഷെ വെള്ളക്കെട്ടുകൾ ഇറങ്ങിയില്ല മലയോര പ്രദേശങ്ങൽ ഇപ്പോഴും ഗതാഗത തടസം നേരിടുന്നു. ജില്ലയിലാകെ 29 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. എവിടെയും അനിഷ്ട സംഭവങ്ങൾ റിപോർട്ട് ചെയ്തിട്ടില്ല.

രക്ഷാപ്രവർത്തനത്തിനു ഊട്ടിയിൽ നിന്ന് മദ്രാസ്‌ റെജിമെന്‍റിന്‍റെ സംഘം വയനാട്ടിലെത്തി. എഞ്ചിനീയർ മാരുൾപ്പെടെ 72 പേരാണു കൽപ്പറ്റയിലെത്തിയത്‌.