സംസ്ഥാനത്ത് തീവ്ര മഴ: ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, 4 മരണം

സംസ്ഥാനത്ത് അതിശക്തമായ മഴയില്‍ 4 മരണം. പ്രളയം പെയ്തിറങ്ങി ഒരു വര്‍ഷം തികയുമ്പോള്‍ വീണ്ടും തിമിര്‍ത്ത് പെയ്യുന്ന മഴ കേരളത്തെ ആശങ്കയിലാഴ്ത്തുകയാണ്. വടക്കന്‍ ജില്ലകളില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മിക്ക സ്ഥലങ്ങളിലും വെള്ളം പൊങ്ങിയിട്ടുണ്ട്. പുഴകളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. അതേസമയം രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കാലവർഷകെടുതിയിൽ പാലക്കാട്‌ ജില്ലയിൽ ഒരു വയസ്സുള്ള കുട്ടി മരിച്ചു. ചിന്നക്കനാൽ രാജശേഖരൻ-നിത്യ ദമ്പതികളുടെ മകൾ മഞ്ജുശ്രീ (1) ആണ് മരിച്ചത്. എസ്റ്റേറ്റ്‌ തൊഴിലാളികളായ ഇവർ താമസിച്ചിരുന്ന ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണാണ് അപകടം ഉണ്ടായത് ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് കുട്ടിയെ പുറത്ത് എടുത്തത്. മൃതദേഹം രാജകുമാരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെ മോർച്ചറിയിലേക്ക് മാറ്റി.

കോട്ടയം ജില്ലയിലെ മലയോര മേഖലയിലും മഴക്കെടുതി രൂക്ഷമാണ്. എരുമേലി ഏയ്ഞ്ചല്‍ വാലി, അരയാഞ്ഞിലി മണ്ണ്എന്നീ സ്ഥലങ്ങള്‍ ഒറ്റപ്പെട്ടു.  ഇടകടത്തി ക്രോസ് വേ വെളളത്തില്‍ മുങ്ങി. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയാണ്.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഇടുക്കി ജില്ലയില്‍ കനത്ത മഴയില്‍ മൂന്നാര്‍ വെളളത്തില്‍ മുങ്ങി. വീടുകളില്‍ വെള്ളം കയറി. പ്രധാനപാതകളില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. പെരിയവാര പാലം  വെളളം കയറിയതോടെ  മറയൂര്‍ ഒറ്റപ്പെട്ടു. മൂന്നാര്‍ ടൗണില്‍ വീടുകളില്‍ വെളളം കയറി. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ്.

മലപ്പുറം ജില്ലയില്‍ നിലമ്പൂരിലാണ് മഴ കൂടുതല്‍ നാശം വിതച്ചത്. ഒറ്റ രാത്രികൊണ്ട് നിലമ്പൂര്‍ ടൗണ്‍ വെള്ളത്തില്‍ മുങ്ങി. വീടുകളിലും കടകളിലും വെള്ളം കയറി. നിലമ്പൂര്‍ മാനവേദൻ സ്‌കൂള്‍ പരിസരത്ത് നിന്ന് ഇരുനൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വീടുകളുടെ ഒരുനില പൊക്കത്തില്‍ വരെ ജലനിരപ്പ് ഉയര്‍ന്നത്. നിലമ്പൂര്‍ ടൗണും പരിസരപ്രദേശങ്ങളും ഏറക്കുറേ പൂര്‍ണമായി വെള്ളത്തില്‍ മുങ്ങി. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പെരിന്തൽമണ്ണ മണ്ണാർമലയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. തട്ടാരക്കാട്ടിൽ കുട്ടൻ, ഭാര്യ ലക്ഷ്മി എന്നിവർക്കാണ് പരിക്ക്.

കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്നതിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു.  7 ക്യാമ്പുകളിലായി 250 അംഗങ്ങൾ ആണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. മഴയുടെ കൂടെയെത്തിയ ചുഴലിക്കാറ്റില്‍ കണ്ണൂര്‍ കാണിച്ചാറില്‍ നാശംവിതച്ചു. ചാലിയാറിന്‍റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മട്ടന്നൂരില്‍ കനത്ത മഴയിൽ തോട്ടിൽ വീണ് മധ്യവയസ്കൻ മരിച്ചു. കുഴിക്കൽ ശിൽപ നിവാസിൽ കെ പത്മനാഭന്‍(54) ആണ് മരിച്ചത്. പകൽ പതിനൊന്നോടെ വീട്ടിനടുത്തുള്ള തോടിൽ വീഴുകയായിരുന്നു.

വയനാട്ടില്‍ മൂന്നുദിവസമായി പെയ്യുന്ന കനത്ത മഴയില്‍ മിക്ക സ്ഥലങ്ങളിലും വെള്ളപ്പൊക്കം. കനത്ത കാറ്റിനെ തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി തടസപ്പെട്ടു. വീടുകളില്‍നിന്നും ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുന്നുണ്ട്.  എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി അഞ്ഞൂറോളം പേരാണ് ഉള്ളത്.

കാസർകോടും അതിശക്തമായ മഴയും കാറ്റും തുടരുകയാണ്. മേഖലയിലെ മലയോര പ്രദേശങ്ങളിൽ മരം വീണും നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി.

മഴക്കെടുതി നേരിടാന്‍ ദേശീയ ദുരന്തനിവാരണസേനയെ വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി വിളിച്ച ചേര്‍ത്ത അടിയന്തരയോഗത്തിലാണ് തീരുമാനം. ദുരന്ത നിവാരണ സേനയുടെ 10 യൂണിറ്റിനെ വിളിക്കും. അതേസമയം മഴ രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

keralaRainDisasterFloodsrains
Comments (0)
Add Comment