സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത ; അ‍ഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

Jaihind Webdesk
Saturday, October 23, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് അ‍ഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ,പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തെക്കൻ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി കാരണം നാല് ദിവസത്തേക്കാണ് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

തൃശ്ശൂരിൽ ഇന്നലെ പെയ്ത മഴയിൽ ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞൊഴുകി. പത്തോളം വീടുകളിൽ വെള്ളം കയറി. പണ്ടാരംപാറ മേഖലയിൽ നിന്നാണ് വെള്ളം കുത്തിയൊലിച്ച് വന്നത്. അതിരപ്പിള്ളി വനമേഖലയിൽ ഉരുൾ പൊട്ടിയതിനെ തുടർന്നാകാം മല വെള്ളപ്പാച്ചിൽ. മോതിരക്കണ്ണി കുറ്റിച്ചിറ റോഡിലൂടെ ഗതാഗതം തടസപ്പെട്ടു. ഇന്ന് പുലർച്ചെയാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്.

കോഴിക്കോട് രാവിലെ ശക്തി കുറഞ്ഞ ഇടിയോടു കൂടിയ ചാറ്റൽ മഴയുണ്ട്. മലയോര മേഖലയിൽ മഴ വിട്ടു നിൽക്കുന്നു. ഉരുൾപൊട്ടൽ സാധ്യത ഉള്ള കൊടിയത്തൂർ, മുക്കം, പുതുപ്പാടി മേഖലകളിൽ ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തി എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തീരദേശ മേഖലകളിലും ജാഗ്രത തുടരുകയാണ്.