വായു ചുഴലിക്കാറ്റ് തീരത്തേക്ക്; കേരളത്തില്‍ മൂന്ന് ദിവസം കനത്ത മഴ

Jaihind Webdesk
Tuesday, June 11, 2019

കൊച്ചി: കേരളത്തില്‍ അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. അറബിക്കടലില്‍ തെക്ക്-കിഴക്ക് ഭാഗത്ത് രൂപംകൊള്ളുന്ന ‘വായു’ ചുഴലിക്കാറ്റ് ആണ് മഴയെ സ്വാധീനിക്കുക.
കനത്ത മഴ കേരളം, കര്‍ണാടകം, മുംബൈ എന്നിവിടങ്ങളില്‍ പ്രതീക്ഷിക്കാം എന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. ചുഴലിക്കാറ്റ് ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളെയാണ് ബാധിക്കുക. കേരളത്തില്‍ മഴ ശക്തമാകാന്‍ വായു കാരണമാകില്ലെന്നാണ് കരുതുന്നത്.
മുംബൈക്ക് 760 കിലോമീറ്റര്‍ ദൂരത്താണ് വായു ചുഴലിക്കാറ്റ് ഇപ്പോഴുള്ളത്. ഇത് ന്യൂനമര്‍ദ്ദമായി മാറിയേക്കും. ജൂണ്‍ 10 മുതല്‍ 13 വരെ മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജൂണ്‍ 13,14 തീയതികളില്‍ ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളില്‍ ചുഴലിക്കാറ്റ് എത്തുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 135 കിലോമീറ്റര്‍വരെ പരമാവധി വേഗതയില്‍ സഞ്ചരിക്കുന്ന കാറ്റ് കനത്തനാശം വിതച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.
ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്.