തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയത്തും എറണാകുളത്തുമാണ് റെഡ് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. വയനാടും കാസറകോടും കണ്ണൂരുമൊഴികെ മറ്റ് 11 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.
പല ജില്ലകളിലും വെള്ളക്കെട്ടുണ്ടാവുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. കോട്ടയത്ത് കനത്ത മഴയിലും കാറ്റിലും വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു. കോട്ടയം നട്ടാശ്ശേരി മാലിമേല്‍ രാധാകൃഷ്ണന്‍ നായരുടെ വീടാണ് തകര്‍ന്നത്. കനത്ത മഴയില്‍ കൊല്ലത്തും തിരുവനന്തപുരത്തും റോഡുകളിലെ വെള്ളക്കെട്ടുകള്‍ ഗതാഗതത്തിന് തടസമായി. കൊല്ലത്ത് അര്‍ദ്ധരാത്രി മുതല്‍ ഇടവിട്ട് ശക്തമായ മഴയുണ്ട്. കാവനാട്, പറക്കുളം ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. ദേശീയപാതയില്‍ ചാത്തന്നൂര്‍ മുതല്‍ പരിപ്പള്ളി വരെ വെള്ളക്കെട്ടില്‍ ഗതാഗതം തടസപ്പെട്ടു. കുണ്ടറ ചീരങ്കാവിന് സമീപം രാത്രി മരം വീണ് വൈദ്യുതി ലൈനുകള്‍ തകര്‍ന്നു. സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങളുടെ ചില്ലുകള്‍ മരത്തിന്‍റെ ചില്ലകള്‍ വീണു തകര്‍ന്നു.
തിരുവനന്തപുരത്ത് നഗരമേഖലയിലും ഉള്‍പ്രദേശങ്ങളിലും മഴ കനക്കുകയാണ്. വര്‍ക്കല പാപനാശത്തും കുന്നിടിഞ്ഞു. തിരുവനന്തപുരം നഗരത്തില്‍ കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ബസിന് മുകളിലേക്ക് മരം കടപുഴകി വീണു. കാട്ടാക്കട കൈതക്കോണത്ത് തോടുകള്‍ കര കവിഞ്ഞൊഴുകുകയാണ്. കാട്ടാക്കട നെടുമങ്ങാട് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ മഴ കണക്കിലെടുത്ത് പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും അടച്ചു. മീനച്ചിലാറ്റില്‍ ജലനിരപ്പുയര്‍ന്നു. ഈരാറ്റുപേട്ട വാഗമണ്‍ റോഡ് തീക്കോയി കല്ലം ഭാഗത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. മീനച്ചിലാര്‍ കരകവിഞ്ഞതോടെ പാലാ ടൗണിലും വെള്ളം കയറി. ഈരാറ്റുപേട്ട- പാലാ റോഡില്‍ പനക്കപ്പാലം. അമ്പാറ എന്നിവിടങ്ങളില്‍ റോഡിലും വെള്ളം കയറി.