തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കൊച്ചിയിൽ പുലർച്ചെ ആരംഭിച്ച കനത്ത മഴ തുടരുന്നു. കാക്കനാട് ഇൻഫോ പാർക്കിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വാഹനങ്ങൾ കുടുങ്ങി. ആലുവ ഇടക്കാളി റോഡിൽ വെള്ളക്കെട്ട് രൂക്ഷമാണ്. സഹോദരൻ അയ്യപ്പൻ റോഡിലും വെള്ളം കയറി. മത്സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ ബീച്ചുകളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കൊല്ലത്ത് കനത്ത മഴ തുടരുന്നു. ജില്ലയിൽ പുലർച്ചയോടെ തുടങ്ങിയ മഴ ശക്തമായി തുടരുകയാണ്. ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലും തീരദേശ മേഖലയിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. കൊല്ലം ചെങ്കോട്ട ദേശീയപാതയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ചീരങ്കാവിന് സമീപമാണ് വൻമരം വീണത്. ഇവിടെ ഗതാഗതം തിരിച്ചുവിട്ടിരിക്കുകയാണ്.
വാളകത്ത് എം.സി റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിനടിയിലായി.