ശക്തമായ മഴ, മണ്ണിടിച്ചില്‍; ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Jaihind Webdesk
Thursday, July 7, 2022

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.

ഇടുക്കി: ജില്ലയിൽ ദേവികുളം താലൂക്ക് പരിധിയിൽ ശക്തമായ മഴ തുടരുന്നതിനാല്‍ താലൂക്ക് പരിധിയില്‍ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (വെള്ളിയാഴ്ച) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. താലൂക്കിന്‍റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് മൂന്നാർ, ദേവികുളം ഭാഗങ്ങളിൽ വ്യാപകമായി മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. ദേവികുളം താലൂക്ക് പരിധിയിൽ വരുന്ന അങ്കണവാടികൾ, നഴ്സറികൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്ഥാപനങ്ങൾക്കും സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം  മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്‍റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല.

കണ്ണൂർ: ജില്ലയിൽ കാലവർഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷനൽ കോളേജുകൾ , സിബിഎസ്ഇ, ഐസിഎസ്ഇ  സ്കൂളുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (08-07-2022) അവധി പ്രഖ്യാപിച്ചു.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കാസർഗോഡ് ജില്ലയിലെയും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.