കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലർട്ട്, ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Jaihind Webdesk
Sunday, October 17, 2021

കേരളം, കര്‍ണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് തീരങ്ങളില്‍ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്. ഒക്ടോബര്‍ 18 രാത്രി 11.30 വരെ ഉയര്‍ന്ന തിരമാല ഉണ്ടാവാന്‍ സാധ്യതയുള്ളതായി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

രണ്ടര മീറ്റര്‍ മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതായാണ് മുന്നറിയിപ്പ്. കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം ന്യൂനമർദ്ദത്തിന്‍റെ ശക്തി കുറഞ്ഞെങ്കിലും വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴയ്ക്ക്സാധ്യതയുണ്ട്. ഒക്ടോബര്‍ 17 മുതല്‍ 21 വരെ കേരളത്തില്‍ ഒറ്റപ്പെട്ട  ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. 11 ജില്ലകളില്‍ നിലവില്‍ യെല്ലോ അലർട്ട് നിലനില്‍ക്കുന്നുണ്ട്. 17, 20, 21 തീയതികളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.