സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മലയോര മേഖലയില്‍ യാത്രാനിയന്ത്രണം, ജാഗ്രതാ നിർദേശം

Jaihind Webdesk
Monday, August 9, 2021

 

തിരുവനന്തപുരം : സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ ചൊവ്വാഴ്ച വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ജില്ലകൾക്ക് പുറമെ തീര ദേശത്തും മലയോര മേഖലയിലും കനത്ത ജാഗ്രത നിർദ്ദേശം ഉണ്ട് .

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധനാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ തുടങ്ങിയ അഞ്ച് ജില്ലകളിൽ ചൊവ്വാഴ്ച വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബുധനാഴ്ച ഈ അഞ്ച് ജില്ലകൾ കൂടാതെ മലപ്പുറം, കാസർകോട് ജില്ലയിലും യെല്ലോ അലർട്ടാണ്. ജാഗ്രതാ മുന്നറിയിപ്പുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ പ്രളയസാധ്യതാ പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മലയോര മേഖലയിലേക്കുള്ള യാത്രയ്ക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. കൂടാതെ ഉയർന്ന തിരമാലയുണ്ടാവുമെന്ന ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേരള തീരത്ത് രാത്രി 2.6 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം. കടൽക്ഷോഭം രൂക്ഷമാവാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണം.