സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ തുടരും; മുല്ലപ്പെരിയാർ ജലനിരപ്പ് 135.8 അടിയില്‍

Jaihind Webdesk
Sunday, July 17, 2022

 

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. ബുധനാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഞായറാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലർട്ടാണ്.

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകള്‍

തിങ്കള്‍ : ഇടുക്കി, മലപ്പുറം, കാസര്‍ഗോഡ്

ചൊവ്വ :  ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ്

ബുധന്‍ : പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, കുറ്റ്യാടി, മൂഴിയാര്‍, പൊന്മുടി തുടങ്ങിയ വൈദ്യുതി അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പെരിങ്ങല്‍ക്കുത്ത് അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മീങ്കര ജലസേചന അണക്കെട്ടിന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നെയ്യാര്‍, മംഗലം ജലസേചന അണക്കെട്ടുകളില്‍ ബ്ലൂ അലര്‍ട്ടും നല്‍കിയിട്ടുണ്ട്.

മലങ്കര, ശിരുവാണി, കുറ്റ്യാടി, കല്ലട, കാരാപ്പുഴ, കാഞ്ഞിരപ്പുഴ, പീച്ചി, മണിയാര്‍, ഭൂതത്താന്‍കെട്ട്, മൂലത്തറ, പഴശ്ശി അണക്കെട്ടുകളില്‍നിന്നും വെള്ളം ഒഴുക്കിവിടുന്നുണ്ട്. അതിനാല്‍ സമീപവാസികള്‍ ജാഗ്രത പാലിക്കണം.

നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.80 അടിയിലെത്തി നില്‍ക്കുന്നു. താങ്ങാവുന്ന ഏറ്റവും ഉയര്‍ന്ന പരിധിയായ 136.60 അടിയിലേക്ക് ജലനിരപ്പെത്തുകയാണെങ്കില്‍ സ്പില്‍വേയിലൂടെ തമിഴ്നാടിന്‍റെ ഭാഗത്തുനിന്നും ജലം പുറത്തേക്ക് ഒഴുക്കിടാന്‍ സാധ്യതയുണ്ട്.

വിവിധ ജില്ലകളിലായി 23 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഈ ക്യാമ്പുകളിലായി 1,485 പേരെ പാര്‍പ്പിച്ചിരിക്കുന്നതില്‍ 527 പുരുഷന്മാരും 637 സ്ത്രീകളും 421 കുട്ടികളുമാണുള്ളത്. മഴക്കെടുതിയില്‍ 81 വീടുകള്‍ പൂര്‍ണമായും 1278 വീടുകള്‍ ഭാഗികമായും നശിച്ചു. കാലവർഷക്കെടുതികളില്‍ 23 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായിട്ടുണ്ട്. 11 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. മൂന്നു പേരെ കാണാതായായിട്ടുണ്ട്.