സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴ: 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന് പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമാകുന്നതോടെ സംസ്ഥാനത്ത് പകര്‍ച്ച വ്യാധികളും വ്യാപകമാകുന്നുണ്ട്. രണ്ട് ദിവസത്തിനിടെ 28,463 പേര്‍ക്കാണ് സംസ്ഥാനത്ത് പനി ബാധിച്ചിരിക്കുന്നത്.

അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാവുന്നതിന്‍റെ ഫലമായാണ് സംസ്ഥാനത്ത് മഴ കനത്തത്. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ വ്യാപക മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള 11 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ബുധനാഴ്ചവരെ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും. കേരളാ തീരത്ത് രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. തീരദേശവാസികള്‍ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

അതിനിടെ സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളും രൂക്ഷമാണ്. കഴിഞ്ഞ 2 ദിവസത്തിനിടെ സംസ്ഥാനത്ത് 28,643 പേര്‍ക്കാണ് പനി ബാധിച്ചത്. പ്രതിദിന കൊവിഡ് കേസുകള്‍ക്ക് പുറമേയാണിത്. മലപ്പുറത്ത് മാത്രം 2243 പേര്‍ക്ക് പനി ബാധിച്ചു. 2 പേര്‍ പനി ബാധിച്ചു മരിച്ചു. സംസ്ഥാനത്ത് 12 പേര്‍ക്കാണ് ചിക്കന്‍പോക്സ് സ്ഥിരീകരിച്ചത്. എറണാകുളത്ത് 19 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. വയനാട്ടില്‍ 7 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു.

അതേസമയം കാലവര്‍ഷം രാജ്യം മുഴുവന്‍ വ്യാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ബംഗ്ലാദേശിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുകയാണ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ വടക്കന്‍ ഒഡീഷയ്ക്ക് മുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

Comments (0)
Add Comment