മണ്‍സൂണ്‍ പാത്തിയും ന്യൂനമർദ്ദ പാത്തിയും; കേരളത്തില്‍ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; വയനാട് ഉള്‍പ്പെടെ ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

 

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മൺസൂൺ പാത്തിയും കേരള തീരം മുതൽ തെക്കൻ ​ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദപാത്തിയും നിലനിൽക്കുന്ന സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

മഴയുടെ പശ്ചാത്തലത്തില്‍ വയനാട് ഉള്‍പ്പെടെ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തീവ്ര-അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിൽ ഇല്ലെങ്കിലും ജാഗ്രത തുടരണം.

കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. കള്ളക്കടൽ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത 24 മണിക്കൂർ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.

Comments (0)
Add Comment