അഞ്ച് ജില്ലകളിലെ റെഡ് അലർട്ട് പിന്‍വലിച്ചു; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

Jaihind Webdesk
Monday, May 16, 2022

 

തിരുവനന്തപുരം: സംസഥാനത്ത് മഴയില്‍ നേരിയ കുറവ് ഉണ്ടായതോടെ കുറഞ്ഞതോടെ അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ച റെ‍ഡ് അലർട്ട് പിൻവലിച്ചു. തിങ്കളാഴ്ച ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മേയ് 16 മുതൽ മെയ് 19 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കിയിരിക്കുന്ന ഏറ്റവും പുതിയ അറിയിപ്പ്.

ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ബുധൻ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ടായിരിക്കും. നാളെ സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശൂർ, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് ചൊവ്വാഴ്ച യെല്ലോ അലർട്ട്.

മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കണം.  കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ പ്രദേശത്തുള്ളവർ അതീവ ജാഗ്രത പാലിക്കണം.