രാഹുലിന്‍റെ അറസ്റ്റ്: പ്രതിഷേധം ശക്തമാക്കാന്‍ യൂത്ത് കോണ്‍ഗ്രസ്; ഇന്ന് സെക്രട്ടേറിയറ്റ് മാർച്ച്

 

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സമരം ശക്തമാക്കും. ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. തുടർന്ന് വൈകുന്നേരം 6 മണിക്ക് സംസ്ഥാനത്തുടനീളം പോലീസ് സ്റ്റേഷനുകളിലേക്കും മണ്ഡലം ആസ്ഥാനങ്ങളിലേക്കും പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. അതേസമയം രാഹുൽ ജില്ലാ സെഷൻസ് കോടതിയിലോ ഹൈക്കോടതിയിലോ ജാമ്യഹർജി നൽകും.

പിണറായി സർക്കാരിന്‍റെ രാഷ്ട്രീയ വേട്ടയാടലിന്‍റെ ഭാഗമായി ചൊവ്വാഴ്ച വെളുപ്പിന് വീടു വളഞ്ഞാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആസൂത്രിതമായി നടപ്പിലാക്കിയ അറസ്റ്റിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിപ്പിച്ചിരുന്നു. ഇതിന്‍റെ തുടർ സമരപരിപാടികള്‍ക്കാണ് യൂത്ത് കോണ്‍ഗ്രസ് തയാറെടുക്കുന്നത്. നോട്ടീസ് പോലും നല്‍കാതെയാണ് ഭീകരവാദികളെ പിടികൂടുന്നതുപോലെ പോലീസ് വീടു വളഞ്ഞ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്തത്. ഇത്തരമൊരു നീക്കത്തിന് പിന്നില്‍ പിണറായി സർക്കാരിന്‍റെ രാഷ്ട്രീയ വൈരാഗ്യമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. അറസ്റ്റ് കൊണ്ടൊന്നും സമര പോരാട്ടങ്ങളില്‍ നിന്ന് ഒരിഞ്ചു പോലും പിന്നോട്ടുപോകില്ലെന്നും രാഹുലിന് എല്ലാവിധമായ പിന്തുണയും നല്‍കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

Comments (0)
Add Comment