കല്‍പ്പറ്റ : ലോകമെമ്പാടുമുള്ളവര്‍ ഇന്ത്യയിലെ കര്‍ഷകരുടെ ദുരിതം കാണുന്നുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ മാത്രം കര്‍ഷകരുടെ ദുരിതം മനസിലാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി. കര്‍ഷകകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വയനാട്ടില്‍ നടത്തിയ ട്രാക്ടര്‍ റാലിക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ടാട് മുതല്‍ മുട്ടില്‍ വരെ 100 കണക്കിന് ട്രാക്ടറുകളുടെ അകമ്പടിയോടെ നടന്ന ട്രാക്ടര്‍ റാലിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി, ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരും രാഹുല്‍ ഗാന്ധിക്കൊപ്പം പങ്കെടുത്തു.
ഇന്ത്യയിലെ കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ ലോകമെമ്പാടുമുള്ളവര്‍ കാണുന്നുണ്ട്. പക്ഷേ ഡല്‍ഹിയിലെ നമ്മുടെ സര്‍ക്കാര്‍ മാത്രം കര്‍ഷകരുടെ വേദന മനസിലാക്കുന്നില്ല. കര്‍ഷകരുടെ സാഹചര്യങ്ങളെക്കുറിച്ച് പോപ് താരങ്ങള്‍ വരെ പ്രതികരിക്കുന്നു. പക്ഷേ ഇന്ത്യന്‍ സര്‍ക്കാരിന് മാത്രം അതിലൊന്നും താല്പര്യമില്ല. ഇന്ത്യയിലെ കാര്‍ഷിക സമ്പ്രദായങ്ങളെ തകര്‍ക്കാനും മോദിയുടെ രണ്ടോ മൂന്നോ സുഹൃത്തുക്കള്‍ക്ക് കാര്‍ഷിക മേഖലയെ തീറെഴുതാനുമാണ് പുതിയ നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. ഭാരതമാതാവിന്റേതായിട്ടുള്ളത് കൃഷി മാത്രമാണ്. ബാക്കിയെല്ലാം മറ്റുള്ളവരുടേതാണ്. കുറച്ച് ആളുകള്‍ ആ കാര്‍ഷിക മേഖല കൈക്കലാക്കാന്‍ ശ്രമിക്കുകയാണ്. അതിന് അവരെ സഹായിക്കുന്നവയാണ് കാര്‍ഷിക നിയമങ്ങളെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
വയനാട് വന്യജീവി സങ്കേതത്തിലെ ബഫർ സോൺ കർഷകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ ശുപാർശ ചെയ്തത് കൊണ്ടാണ് 119 ചതുരശ്ര കിലോമീറ്റർ ബഫർസോൺ ആക്കിയത്. പ്രശ്നം പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവരണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.