ദുരിതമുണങ്ങാത്ത വയനാടിന്‍ മണ്ണിനെ നെഞ്ചോട് ചേര്‍ത്ത് രാഹുല്‍ഗാന്ധി; രണ്ടാംദിന സന്ദര്‍ശനം പൂര്‍ത്തിയായി

Jaihind News Bureau
Wednesday, August 28, 2019

രാഹുൽ ഗാന്ധി എം പി യുടെ രണ്ടാം ദിവസത്തെ വയനാട് ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങളിലെ സന്ദർശനം പൂർത്തിയായി. 8 കേന്ദ്രങ്ങളിലായി ആയിരിക്കണക്കിന് പേരെയാണ് രാഹുൽ ഗാന്ധി രണ്ടാം ദിവസത്തിൽ നേരിൽ കണ്ടത്. നാടിന്റെ പരിസ്ഥിതിയെയും, ജൈവ ആവാസ വ്യവസ്ഥയെയും സംരക്ഷിച്ചു പോരുന്ന ഗോത്ര ജനതയാണ് പരിഷ്കൃത സമൂഹത്തെക്കാൾ ബഹുമാനിക്കപ്പെടേണ്ടതും, ആദരിക്കപ്പെടേണ്ടതുമെന്ന് രാഹുൽ ഗാന്ധി എം.പി പറഞ്ഞു. പുരോഗതി കൈവരിച്ചവരെന്ന് പറയപ്പെടുന്നവർ ജൈവീക മേഖലയെയും, പരിസ്ഥിതിയെയും നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ആദിവാസി ഗോത്ര ജനവിഭാഗങ്ങളാകട്ടെ പരിസ്ഥിയെ നശിപ്പിക്കുന്ന ഒന്നിനും ശ്രമിക്കാറില്ലെെെന്നും, മൂന്ന് പതിറ്റാണ്ടായി ലോകത്തിലെ വിദഗ്ധർ പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും ചർച്ച ചെയ്യുകയുമാണെെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.
എന്നാൽ ഇത്തരം പഠനങ്ങൾ നിങ്ങൾക്കാവശ്യമില്ലന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട് ജില്ലയിലെ ദുരിത ബാധിത പ്രദേശങ്ങളിലെ രണ്ടാം ദിവസത്തെ സന്ദർശനത്തിനിടെ വിവിധ ഇടങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയം ദുരിതം വിതച്ച കേരള കർണാടക അതിർത്തിയായ ബാവലി – മീൻകൊല്ലി കോളനി, ഇല്ലത്ത് വയൽ കോളനി, ചാലുഗന്ധ കോളനി, ബത്തേരി പൊൻകുഴി കാട്ടുനായ്ക്ക കോളനി, നടവയൽ നെയ്ക്കൂപ്പ കോളനി, മുട്ടിൽ WMO കോളേജിലെ ദുരിതബാധിതർ എന്നിവിടങ്ങളിൽ ഉച്ചക്ക് മുമ്പ് രാഹുൽ ഗാന്ധി സന്ദർശനം പൂർത്തിയാക്കി. പരമ്പരാഗത വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയായിരുന്നു പൊൻകുഴി കാട്ടുനായ്ക്ക കോളനി നിവാസികൾ രാഹുലിനെ സ്വീകരിച്ചത്.
ഉച്ചക്ക് ശേഷം കൽപ്പറ്റ MP ഓഫീസ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. തുടർന്ന് കുറുമ്പാലക്കോട്ട, കാപ്പിക്കുളം, വെള്ളമുണ്ടയിലെ വാരാമ്പറ്റ എന്നിവിടങ്ങളിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്തി. വാരാമ്പറ്റ മഖാം ശെരീഫ് പള്ളിയിലും രാഹുൽ ഗാന്ധി സന്ദർശനം നടത്തി. 2 ദിവസത്തിനിടെ ആയിരക്കണക്കിന് പേരാണ് തങ്ങളുടെ ദുരിത പ്രശ്നങ്ങൾ രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.