“നമ്മളൊക്കെ മരിച്ചാല്‍ രാഹുല്‍ ഗാന്ധി വരുമോ….” നൊമ്പരമായി കൃപേഷിന്‍റെ ചോദ്യം… സാന്ത്വനമായി രാഹുല്‍ എത്തി

Jaihind Webdesk
Thursday, March 14, 2019

“നമ്മളൊക്കെ മരിച്ചാല്‍ രാഹുല്‍ ഗാന്ധി വരുമോ….” കൃപേഷിന്‍റെ അറംപറ്റിയ ഈ ചോദ്യത്തിന് ഉത്തരമായി രാഹുല്‍ഗാന്ധി കൃപേഷിന്‍റെ വസതിയില്‍ എത്തി. സിപിഎം ക്രൂരമായി കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കൃപേഷിന്‍റെ അറം പറ്റിയ ചോദ്യത്തിന് മുന്നില്‍ ഉത്തരമായി പെരിയയിലെ കൃപേഷിന്‍റെ വസതിയില്‍ രാഹുല്‍ഗാന്ധി എത്തിയപ്പോള്‍ ബന്ധുക്കളും കൂട്ടുകാരും വിങ്ങിപ്പൊട്ടുകയായിരുന്നു.  കൃപേഷിന്‍റെ ഓര്‍മ്മകള്‍ തളംകെട്ടി നില്‍ക്കുന്ന മണ്ണിലേയ്ക്ക് കോണ്‍ഗ്രസിന്‍റെ അമരക്കാരനായ രാഹുല്‍ ഗാന്ധി കടന്നുവന്നപ്പോള്‍ ഒരു നാട് ഒന്നാകെ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും ഓര്‍മ്മകള്‍ക്ക് മുന്നില്‍ മൗനമായി പ്രണാമങ്ങള്‍ അര്‍പ്പിക്കുകയായിരുന്നു.

മരിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് കളിയായി സുഹൃത്തുക്കളോട് കൃപേഷ് ചോദിച്ചത്…  “നമ്മളൊക്കെ മരിച്ചാല്‍ രാഹുല്‍ ഗാന്ധി വരുമോടാ….” എന്ന്.  കൃപേഷിനും ശരത് ലാലിനും നവമാധ്യമങ്ങളിലൂടെ സിപിഎം കേന്ദ്രങ്ങളിൽ നിന്നു ഭീഷണിയുണ്ടായിരുന്നു. ഇക്കാര്യം ചർച്ച ചെയ്യുന്നതിനിടെയാണു കൃപേഷ് ഇങ്ങനെ ചോദിച്ചതെന്നു കൂട്ടുകാർ പറയുന്നു.

ഒരിക്കലും  നേരില്‍ കണ്ടിട്ടില്ലെങ്കിലും യൂത്ത് കോണ്‍ഗ്രസിന്‍റെ ഊര്‍ജസ്വലരായ ഈ പ്രവര്‍ത്തകര്‍ക്ക് മരണാനന്തരം അഭിവാദ്യം അര്‍പ്പിക്കാന്‍ പെരിയയിലെ വീട്ടില്‍ എത്തിയ രാഹുല്‍ഗാന്ധിയ്ക്ക്  വികാരനിര്‍ഭരമായ വരവേല്‍പാണ് കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും  സഹപ്രവര്‍ത്തകര്‍ നല്‍കിയത്.   തന്നെ ആരാധിച്ച തന്‍റെ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനായി ജീവിച്ച ആ ചെറുപ്പക്കാരുടെ ചിത്രവും വീട്ടിലെ കാഴ്ചകളും  രാഹുലിന്‍റെ മനസിലും വേദനയുടെ നെരിപ്പോട് തീര്‍ത്തു.

കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുല്‍ മടങ്ങുമ്പോഴും ഓര്‍മ്മകളുടെ മുറിവുണങ്ങാത്ത വേദനയിലാണ് പെരിയയിലെ പൊതുസമൂഹം.