“എപ്പോഴാണ് വരേണ്ടത്” ജമ്മു കശ്മീര്‍ ഗവര്‍ണറോട് രാഹുല്‍

Jaihind News Bureau
Wednesday, August 14, 2019

rahul-gandhi-meet

ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികിന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി വീണ്ടും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജമ്മു കശ്മീര്‍ സന്ദര്‍ശിച്ച് ആളുകളെ കാണാനുള്ള താങ്കളുടെ ക്ഷണം നിബന്ധനകളൊന്നും ഇല്ലാതെ തന്നെ സ്വീകരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.  എപ്പോഴാണ് വരേണ്ടതെന്നും ചോദിച്ചുകൊണ്ടാണ് രാഹുലിന്‍റെ പുതിയ ട്വീറ്റ്.

”പ്രിയപ്പെട്ട മാലിക് ജി
എന്‍റെ ട്വീറ്റിനോടുള്ള താങ്കളുടെ ദുര്‍ബലമായ മറുപടി കണ്ടു. ജമ്മു കശ്മീര്‍ സന്ദര്‍ശിച്ച് ആളുകളെ കാണാനുള്ള നിങ്ങളുടെ ക്ഷണം നിബന്ധനകളൊന്നും ഇല്ലാതെ ഞാന്‍ സ്വീകരിക്കുന്നു. എനിക്ക് എപ്പോഴാണ് വരാന്‍ കഴിയുക?”- എന്നായിരുന്നു രാഹുലിന്‍റെ ട്വീറ്റ്.

രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും ആരോപണവുമായി സത്യപാല്‍ മാലിക് രംഗത്തെത്തിയിരുന്നു രാഹുല്‍ പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു മാലികിന്‍റെ ആരോപണം. പൊതുജനങ്ങള്‍ക്കു പ്രശ്നമുണ്ടാക്കാനും അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുമായി പ്രതിപക്ഷ നേതാക്കളുടെ പ്രതിനിധി സംഘത്തെ കൊണ്ടുവരാനാണ് രാഹുല്‍ അനുമതി ചോദിച്ചിരിക്കുന്നതെന്നും നിബന്ധനങ്ങള്‍ മുന്നോട്ടുവെച്ച് രാഷ്ട്രീയ താല്‍പര്യങ്ങളോടെ കശ്മീര്‍ സന്ദര്‍ശിക്കാമെന്നാണ് രാഹുല്‍ ഗാന്ധി അറിയിച്ചിട്ടുള്ളതെന്നും അതിനാല്‍ രാഹുലിനുള്ള ക്ഷണം പിന്‍വലിക്കുന്നു എന്നുമായിരുന്നു സത്യപാല്‍ മാലികിന്‍റെ വാദം.

എന്നാല്‍ ഉപാധികളില്ലാതെ വരാന്‍ തയ്യാറാണെന്ന് രാഹുല്‍ ഉടന്‍ തിരിച്ചടിച്ചു. നിബന്ധനകളില്ലാതെ കശ്മീരില്‍ എപ്പോഴെത്താമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി തുറന്നടിച്ചു.