ബന്ദിപൂർ രാത്രി യാത്ര നിരോധനം : സമരം ചെയ്യുന്ന സർവ്വകക്ഷി സംഘത്തെ രാഹുല്‍ സന്ദര്‍ശിക്കും; മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും

ബന്ദിപൂർ രാത്രി യാത്ര നിരോധനം പിൻവലിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി രാഹുൽ ഗാന്ധി നാളെ ചർച്ച നടത്തും. വ്യാഴാഴ്ച കേരളത്തിലെത്തുന്ന രാഹുല്‍ഗാന്ധി രാത്രിയാത്ര നിരോധനത്തിനെതിരെ സമരം ചെയ്യുന്ന സർവ്വകക്ഷി സംഘത്തിനെ സന്ദർശിക്കും.  രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നടക്കുന്ന കേസിൽ മുതിർന്ന അഭിഭാഷകനെ ചുതലപ്പെടുത്തും.  യുഡിഎഫ് നേതാക്കളുമായി രാഹുൽ ഗാന്ധി ഇന്ന് നടത്തിയ ചർച്ചയിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.

ബന്ദിപൂർ രാത്രിയാത്ര നിരോധനം പിൻവലിക്കാൻ സ്വീകരിക്കേണ്ട നടപടികൾ രാഹുൽ ഗാന്ധിയുടെ വസതിയിൽ ചേർന്ന യു ഡി എഫ് നേതാക്കളുടെ യോഗം ചർച്ച ചെയ്തു. ഡൽഹിയിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനുമായി രാഹുൽ ഗാന്ധി വിഷയം സംബന്ധിച്ച് ചർച്ച നടത്തും. രാവിലെ ഏഴരയ്ക്ക് കേരള ഹൗസിൽ ആയിരിക്കും കൂടിക്കാഴ്ച. രാത്രി യാത്ര നിരോധനത്തിന് എതിരെ സമരം ചെയ്യുന്ന സർവകക്ഷി സംഘത്തെ രാഹുൽ ഗാന്ധി വ്യാഴാഴ്ച വയനാട്ടിൽ സന്ദർശിക്കും.

രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് നിലവിൽ സുപ്രീം കോടതിയിൽ നടക്കുന്ന കേസിൽ എം കെ രാഘവൻ എം പി ഒരു കക്ഷിയാണ്. ഈ കേസിൽ മുതിർന്ന അഭിഭാഷകനെ സുപ്രീം കോടതിയിൽ നിയമിക്കാനും ഇന്നത്തെ യോഗത്തിൽ ധാരണയായി. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കോഴിക്കോട് എംപി എം.കെ രാഘവൻ എന്നിവർ രാഹുൽ ഗാന്ധിയുമായുള്ള ഇന്നത്തെ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Comments (0)
Add Comment