രാഹുൽ ഗാന്ധി ഇന്ന് അമേഠിയിൽ പത്രിക സമര്‍പ്പിക്കും; സോണിയാ ഗാന്ധി നാളെ റായ്ബറേലിയിലും

Jaihind Webdesk
Wednesday, April 10, 2019

അഞ്ചാം ഘട്ട വോട്ടെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഇന്ന് ആരംഭിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേതിയില്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.

2019 ലോകസഭാ തെരഞ്ഞെടുപ്പില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക ഇന്ന് മുതല്‍ ഏപ്രില്‍ 18 വരെ സമര്‍പ്പിക്കാം. 20നാണ് സൂക്ഷ്മപരിശോധന. 22 ആണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. ബീഹാര്‍, ജമ്മു-കശ്മീര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ 7 സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങളാണ് അഞ്ചാം ഘട്ടത്തില്‍ ജനസമ്മതി രേഖപ്പെടുത്തുന്നത്. അമേതി, റായ്ബറേലി, ലഖ്നോ, ഫൈസാബാദ് എന്നീ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ ഉത്തര്‍പ്രദേശിലെ 14 മണ്ഡലങ്ങള്‍ അഞ്ചാം ഘട്ടത്തില്‍ മേയ് 6ന് പോളിംഗ് ബൂത്തിലെത്തും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി ഇന്ന് ഉത്തര്‍പ്രദേശിലെ അമേതിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. കഴിഞ്ഞ 15 വര്‍ഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാഹുല്‍ രണ്ടു മണിക്കൂർ നീണ്ടു നില്‍ക്കുന്ന റോഡ് ഷോയ്ക്കു ശേഷമാകും പത്രിക സമര്‍പ്പിക്കുക. മുന്‍ഷിഗഞ്ച്-ദര്‍പ്പിപ്പൂര്‍ മുതല്‍ ഗൌരിഗഞ്ച് വരെയാകും റോഡ്ഷോ നടക്കുക. യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരും രാഹുലിനൊപ്പം അമേതിയിൽ എത്തും.

ഇത്തവണത്തില്‍ രണ്ടിടങ്ങളില്‍ നിന്ന് രാഹുല്‍ ഗാന്ധി ജനസമ്മതി തേടുന്നുണ്ട്. മൂന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നേരിടുന്ന കേരളത്തിലെ വയനാട് മണ്ഡലത്തിലും നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. കേരളത്തില്‍ മത്സരിക്കുന്നത് ഒറ്റ ഇന്ത്യയെന്ന സന്ദേശം നല്‍കാനാണെന്ന് വയനാട് മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം രാഹുല്‍ ഗാന്ധി പറഞ്ഞു. നരേന്ദ്ര മോദിക്കും ആര്‍എസ്എസ്-സംഘപരിവാര്‍ ആശയങ്ങള്‍ക്കും എതിരെയാണ് താന്‍ മത്സരിക്കുന്നതെന്നും അനൈക്യത്തിന്‍റെ സന്ദേശം പകരാന്‍ താനില്ലെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കിയിരുന്നു.

സോണിയാ ഗാന്ധി നാളെ റായ്ബറേലി മണ്ഡലത്തിൽ പത്രിക നല്‍കും.