രാഹുൽ ഗാന്ധി വയനാട്ടിൽ; പ്രഖ്യാപനം നടത്തിയത് എ.കെ.ആന്‍റണി

Jaihind Webdesk
Sunday, March 31, 2019

വയനാടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മൽസരിക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എഐസിസി ആസ്ഥാനത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ.ആന്‍റണിയാണ് പ്രഖ്യാപിച്ചത്. അമേഠിക്ക് പുറമേ ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് കൂടി മത്സരിക്കണമെന്ന കേരള, തമിഴ്നാട് തുടങ്ങി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പിസിസികളുടെ ആഗ്രഹം പരിഗണിച്ചാണ് തീരുമാനം. എ.കെ ആന്‍റണിയ്ക്ക് പുറമേ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, അഹമ്മദ് പട്ടേല്‍, രണ്‍ദീപ് സിംഗ് സുര്‍ജേവാല എന്നിവരും സന്നിഹിതരായിരുന്നു.

സംസ്ഥാന ഘടകം ഐക്യകണ്‌ഠേനെ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ദേശീയ നേതൃത്വം വയനാട്ടിലെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കുകയായിരുന്നുവെന്ന് എ.കെ. ആന്‍റണി പറഞ്ഞു. അമേഠിക്ക് പുറമെ ദക്ഷിണേന്ത്യയില്‍ നിന്ന് ഒരു സീറ്റില്‍ മാത്രമാണ് മത്സരിക്കുന്നത്. അത് വയനാട് സീറ്റാണെന്ന് എ.കെ ആന്‍റണി പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മണ്ഡലമാണ് വയനാടെന്ന് അദ്ദേഹം വ്യക്തമാക്കി.

രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് ദക്ഷിണേന്ത്യയിലാകെ കോൺഗ്രസ് തരംഗം സൃഷ്ടിക്കാൻ കഴിയുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. കേരള സന്ദർശനത്തിന് ഇടയിലാണ് വയനാട്ടിൽ മൽസരിക്കണമെന്ന താൽപ്പര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള കേരള നേതാക്കൾ അദ്ദേഹത്തോട് പങ്ക് വച്ചത്. ഇതിന് പിന്നാലെയാണ് വയനാട്ടിലെ കോൺഗ്രസ് അധ്യക്ഷന്‍റെ സ്ഥാനാർത്ഥിത്വത്തിലേക്ക് ചർച്ചകൾ എത്തിയത്. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടിയാണ് വയനാട്ടിൽ രാഹുൽ ഗാന്ധി മൽസരിക്കമെന്ന ആഗ്രഹം ആദ്യമായി പരസ്യമായി പങ്കുവച്ചത്.[yop_poll id=2]