ന്യൂഡല്‍ഹി : കൊവിഡ് പ്രതിരോധത്തിലെയും നിയന്ത്രണങ്ങളിലെയും വീഴ്ചകള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ മറയ്ക്കാന്‍ രാജ്യത്തും വിദേശത്തും ‘പോസിറ്റിവിറ്റി’ പ്രചാരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തിറങ്ങുന്നത് തല മണ്ണില്‍ പൂഴ്ത്തുന്നതിന് സമാനമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗുരുതരമായ വീഴ്ചകള്‍ വരുത്തിയതിന് ശേഷം ഇത്തരത്തിലുള്ള കപട പ്രചരണങ്ങള്‍ നടത്തുന്നതിലൂടെ രാജ്യത്തെ പൗരന്മാരെ വഞ്ചിക്കുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
‘പോസിറ്റീവായി ചിന്തിക്കുക’ എന്ന കേന്ദ്രത്തിന്റെ തെറ്റായ ഉറപ്പ് കൊവിഡ് പേരാട്ടത്തില്‍ മരിച്ചുവീണവരുടെ കുടുംബാംഗങ്ങളെ കളിയാക്കുന്നതിന് സമാനമാണ്. മണ്ണില്‍ തല പൂഴ്ത്തിവെക്കുന്നത് പോസിറ്റീവ് അല്ല, അതിലൂടെ പൗരന്മാരെ വഞ്ചിക്കുകയാണ് ചെയ്യുന്നത്’- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
രാജ്യത്ത് സംഹാര താണ്ഡവമാടിയ കൊവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിലും മഹാമാരിയില്‍ വലയുന്ന ജനത്തിന് ആശ്വാസമേകാനും കേന്ദ്ര സർക്കാരിന് കഴിയുന്നില്ല. ഇതിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഓക്സിജന്‍ ക്ഷാമം മൂലം നിരവധി പേരാണ് മരണത്തിന് കീഴടങ്ങിയത്. ഈ ഘട്ടത്തിലും കാര്യക്ഷമമായ നടപടികള്‍ കൈക്കൊള്ളുന്നതിന് പകരം ‘പോസിറ്റിവിറ്റി അണ്‍ലിമിറ്റഡ്’ എന്ന പേരില്‍ ഓണ്‍ലൈന്‍ ഇവന്റ് സംഘടിപ്പിക്കാനാണ് സംഘപരിവാർ നീക്കം. മുതിര്‍ന്ന മതനേതാക്കള്‍, പ്രചോദകര്‍, വ്യവസായ പ്രമുഖര്‍ എന്നിവരുടെ പ്രസംഗങ്ങളും ക്ലാസുകളും സംഘടിപ്പിക്കും.