‘ശരീരത്തില്‍ തിരുവനന്തപുരത്തിന്‍റെയല്ല ഏഷ്യയുടെ മാപ്പ് പതിഞ്ഞാലും യു ടേണ്‍ എടുക്കില്ല കേട്ടോ…’ അന്‍വറിന് ഉരുളക്കുപ്പേരി പോലെ മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

 

തിരുവനന്തപുരം: പി.വി. അന്‍വര്‍ എംഎല്‍എക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍.

സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് കുഞ്ഞാടുകളുടെ മുതുകത്ത് തിരുവനന്തപുരം നഗരത്തിന്‍റെ റൂട്ട് മാപ്പ് പതിപ്പിക്കുന്നത് കാണാന്‍ വേണ്ടി അക്ഷമയോടെ കാത്തിരിക്കുന്നുവെന്ന് ഫേസ്ബുക്കില്‍ കുറിപ്പിട്ട പി.വി. അന്‍വര്‍ എംഎല്‍എയെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. ‘ശരീരത്തില്‍ തിരുവനന്തപുരത്തിന്റെയല്ല ഏഷ്യയുടെ മാപ്പ് പതിഞ്ഞാലും യു ടേണ്‍ എടുക്കില്ല കേട്ടോ…’ എന്നാണ് പോലീസ് മര്‍ദനത്തില്‍ തലപൊട്ടി ചോരയൊഴുകുന്ന സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിന്‍ വര്‍ക്കിയുടെ ചിത്രം പങ്കുവെച്ച് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

പി.വി. അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലാണ് പ്രവര്‍ത്തകരെ പോലീസ് തല്ലിചതച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍, അബിന്‍ വര്‍ക്കി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. അബിന്‍ വര്‍ക്കിയെ പോലീസ് വളഞ്ഞിട്ട് തല്ലി. ഏഴുതവണ പോലീസ് ജല പീരങ്കി പ്രയോഗിച്ചു.

മാര്‍ച്ച് നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു യൂത്ത് കോണ്‍ഗ്രസുകാര്‍ക് അടികിട്ടുന്നത് കാണാന്‍ അക്ഷമനായി കാത്തിരിക്കുന്നുവെന്ന് അന്‍വര്‍ പോസ്റ്റിട്ടത്. എന്നാല്‍, മര്‍ദനമേറ്റതിന് പിന്നാലെ അന്‍വറിന് ഉരുളക്കുപ്പേരിപോലെ മറുപടിയുമായി രാഹുല്‍ രംഗത്തെത്തി. എഡിജിപി അജിത് കുമാറിനും എസ്പി സുജിത് ദാസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് പിന്നീട് മലക്കംമറിഞ്ഞ പി.വി. അന്‍വറിനെ പരിഹസിച്ചാണ് ”ശരീരത്തില്‍ തിരുവനന്തപുരത്തിന്‍റെയല്ല ഏഷ്യയുടെ മാപ്പ് പതിഞ്ഞാലും യു ടേണ്‍ എടുക്കില്ല കേട്ടോ… സമരമൊക്കെ ഇതു പോലെ തുടരും ….” എന്ന് രാഹുല്‍ തിരിച്ചടിച്ചത്.

കേരളത്തിലെ നമ്പര്‍ വണ്‍ ക്രിമിനലാണ് എഡിജിപി അജിത് കുമാറെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. അധോലോക സംഘത്തിന് എതിരായി അധോലോക കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തുന്നു. ‘ശശിസേന’യിലെ എമ്പോക്കികള്‍ സമരം തടയുന്നു. താനൂരിലെ കൊലയ്ക്ക് പിന്നില്‍ സുജിത് ദാസ് ആണ്. സുജിത് ദാസിന് നിര്‍ദേശം നല്‍കിയത് അജിത് കുമാര്‍ ആണ്. ആര്‍എസ്എസുമായുള്ള കൂടിക്കാഴ്ചക്ക് പിണറായി പറഞ്ഞുവിട്ട രാഷ്ട്രീയ ദൂതനാണ് അജിത് കുമാറെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു.

Comments (0)
Add Comment