പെട്രോള്‍ പമ്പില്‍ കോലംകത്തിച്ച് പ്രതിഷേധം ; ഡിവൈഎഫ്‌ഐയുടെ ബുദ്ധിശൂന്യതയെ വിമർശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

Jaihind Webdesk
Friday, June 11, 2021

ഇന്ധനവില വർധനയ്‌ക്കെതിരേ ഡിവൈഎഫ്‌ഐ പെട്രോൾ പമ്പിനു സമീപം കോലം കത്തിച്ച സംഭവത്തെ വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍.  ഡിവൈഎഫ്‌ഐ ഇത്രയും ബുദ്ധിശൂന്യത പെരുമാറില്ലെന്നാണ് വിചാരിച്ചത്. മറ്റ് സംഘടനകൾക്ക് നിരന്തരം നിലവാര സർട്ടിഫിക്കറ്റ് നൽകുന്ന റഹീം ഡിവൈഎഫ്‌ഐയുടെ നിലവാരത്തെക്കുറിച്ച വിശദമായി പരിശോധിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ഇന്ധന വിലയ്‌ക്കെതിരെ സമരം ചെയ്യുമ്പോൾ, പിണറായി വിജയനോട് പറയണം  96 രൂപ വിലയുള്ള ഒരു ലിറ്റർ പെട്രോളിന് 24 രൂപ സംസ്ഥാന നികുതിയാണ്, അത് ഒഴിവാക്കിയാൽ പോലും 72 രൂപയ്ക്ക് പെട്രോൾ കിട്ടുമെന്ന്- എന്നും രാഹുൽ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

”പ്രിയപ്പെട്ട റഹീം,

ഇന്ധനവിലയുടെ പേരിലെ നികുതി കൊള്ളയ്ക്കെതിരെ പമ്പിന് മുന്നിൽ DYFI കോലം കത്തിച്ച് സമരം നടത്തിയെന്ന് ചില ഫേസ്ബുക്ക് സ്‌റ്റോറികൾ കണ്ടപ്പോൾ ഞാൻ ആദ്യം വിശ്വസിച്ചില്ല. കാര്യം DYFI യൊക്കെ ആണെങ്കിലും അത്രയും ബുദ്ധിശൂന്യമായി പെരുമാറില്ലല്ലോ എന്ന് കരുതി. പക്ഷേ എൻ്റെ ഭാവനകൾക്കപ്പുറമാണ് DYFI യുടെ ബോധ നിലവാരം എന്ന് തിരിച്ചറിഞ്ഞത് വാർത്തകൾ വന്നപ്പോഴാണ്. അത് നിങ്ങൾ നിഷേധിച്ചും കണ്ടില്ലാ എന്നത് കൊണ്ടാണ് വിശ്വസിച്ചത്.

മറ്റ് സംഘടനകൾക്ക് നിരന്തരം “നിലവാര ” സർട്ടിഫിക്കറ്റ് നല്കുന്ന താങ്കൾ DYFI യുടെ നിലവാരത്തെക്കുറിച്ച് വിശദമായി പരിശോധിക്കണം. താങ്കളുടെ ഭാഷയിൽ പറഞ്ഞാൽ വെറും SFI / ബാലസംഘം നിലവാരത്തിനും താഴെയാണ് അവരുടെ നിലവാരം.

പമ്പിൽ പന്തം കൊളുത്തുന്നത് പോയിട്ട് തീപ്പെട്ടി ഉരയ്ക്കുവാൻ പോലും പാടില്ലായെന്നും, അത് വലിയ അപകടമാണെന്നും പറഞ്ഞ് മനസിലാക്കണം. ഒരു നാട്ടിൽ അഗ്നി ദുരന്തമുണ്ടാകുവാൻ അത് മതി ..

പിന്നെ ഇന്ധന വിലയ്ക്കെതിരെ സമരം ചെയ്യുമ്പോൾ, പിണറായി വിജയനോട് പറയണം ഒരു 96 രൂപ വിലയുള്ള ലിറ്റർ പെട്രോളിന് 24 രൂപ സംസ്ഥാന നികുതിയാണ്, അത് ഒഴിവാക്കിയാൽ പോലും 72 രൂപയ്ക്ക് പെട്രോൾ കിട്ടുമെന്ന്. അതിനു ശേഷം ഞങ്ങൾ നടത്തുന്ന ഇന്ധന വിലയിലെ കേന്ദ്ര സർക്കാരിൻ്റെ നികുതി ഭീകരതയ്ക്കെതിരായ സമരത്തിൽ പങ്കാളിയാവുക….

അല്ലാതെ പമ്പ് കൊളുത്തികൾ ആകരുത് DYFI”