‘അരിപ്പൊടി കൊണ്ട് സ്കൂള്‍, ഗോതമ്പ് പൊടി കൊണ്ട് പാലം; വൈറലായി കൂളിമാട് റിയാസ്’

Jaihind Webdesk
Monday, May 16, 2022

കോഴിക്കോട് മുക്കം കൂളിമാട് നിർമ്മാണത്തിലിരുന്ന പാലം തകർന്നുവീണ സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെയും സർക്കാരിനെയും പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ”അരിപ്പൊടി കൊണ്ട്  പണിത സ്കൂൾ, ഗോതമ്പ് പൊടി കൊണ്ട് പണിത പാലം… വൈറലായി കൂളിമാട് റിയാസ്… നല്ല ‘ഉറപ്പാണ്’ LDF” – രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ന് രാവിലെ ഒമ്പത്‌ മണിയോടെയാണ് കൂളികാട് നിർമ്മാണത്തിലിരുന്ന പാലത്തിന്‍റെ കോൺക്രീറ്റ് ബീമുകൾ തകർന്നുവീണത്. നിർമ്മാണത്തിലെ അപാകത ആണെന്നാണ് പ്രാഥമിക നിഗമനം. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്‍റെ സ്വന്തം ജില്ലയായ കോഴിക്കോടാണ് നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നു വീണത്. തൊഴിലാളികൾക്ക് ആർക്കും തന്നെ അപകടം സംഭവിച്ചിട്ടില്ല. അതേസമയം പാലത്തിന്‍റെ ഒരു ഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. രണ്ട് വർഷം മുമ്പ് ആരംഭിച്ച പാലത്തിന്‍റെ നിർമ്മാണപ്രവൃത്തി ഏറെക്കുറെ പൂർത്തിയാകുന്ന ഘട്ടത്തിലാണ് ഇപ്പോൾ പാലത്തിന്‍റെ ബീമുകൾ തകർന്നത്.

2019 മാർച്ചിലായിരുന്നു പാലം നിർമ്മാണപ്രവൃത്തി തുടങ്ങിയിരുന്നത്. കോഴിക്കോട് ജില്ലയുടെ കരഭാഗത്തും ചാലിയാറിൽ മലപ്പുറം ഭാഗത്തായും പാലത്തിന്‍റെ കാലുകൾക്കുവേണ്ടിയുള്ള പൈലിംഗ് നടത്തി ഐലൻഡും സ്ഥാപിച്ചിരുന്നു. പ്രവൃത്തി പുരോഗമിക്കവെ കാലവർഷത്തിന്‍റെ കുത്തൊഴുക്കിൽ പുഴയിലെ ഐലൻഡ്‌ ഒലിച്ചുപോയതോടെ നിർമാണപ്രവൃത്തി നിർത്തിവെക്കുകയും ചെയ്തിരുന്നു. പുഴയിൽ വെള്ളം ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് പാലത്തിന്‍റെ ഡിസൈനും എസ്റ്റിമേറ്റും പുതുക്കേണ്ടി വന്നിരുന്നു. ഇതിനിടയിലാണ് ഇപ്പോൾ പാലത്തിന്‍റെ ഒരു ഭാഗം തകർന്നുവീണത്.