‘വലിച്ചെറിഞ്ഞതിന് ഷൂ ആയിരുന്നു കേസ് കൊടുക്കേണ്ടത്’; പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

 

കോഴിക്കോട്: മുഖ്യമന്ത്രിയും സംഘവും സഞ്ചരിച്ച ബസിനുനേരെ ഷൂ എറിഞ്ഞ് പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകർ ക്കെതിരെ വധശ്രമത്തിന് കേസെടുത്തതിൽ പ്രതികരണവുമായി  യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ. അട്ടർ വേസ്റ്റ് സഞ്ചരിക്കുന്ന ബസിന് നേരെ എറിഞ്ഞതിന്, ഷൂ ആയിരുന്നു കേസ് കൊടുക്കേണ്ടതെന്ന് രാഹുല്‍ പരിഹസിച്ചു. ഷൂ എറിയുമ്പോഴേക്കും മരിക്കാൻ തയാറായാണോ പിണറായി വിജയൻ നടക്കുന്നതെന്നും രാഹുൽ മാങ്കൂട്ടത്തില്‍ ചോദിച്ചു. യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഷൂ പാദങ്ങൾക്ക് ആവശ്യം ഉള്ള സാധനമാണ്, ഇത് ആവശ്യമില്ലാത്ത ആളിന്‍റെ നേരെ വലിച്ചെറിയരുതായിരുന്നു. അട്ടർ വേസ്റ്റ് സഞ്ചരിക്കുന്ന ബസിന് നേരെ എറിഞ്ഞതിന്, ഷൂ ആയിരുന്നു കേസ് കൊടുക്കേണ്ടത്. ഷൂ എറിയുമ്പോഴേക്കും മരിക്കാൻ തയാറായാണോ പിണറായി വിജയൻ നടക്കുന്നത്” – രാഹുൽ പറഞ്ഞു. എല്ലാക്കാലത്തും ഭരണപക്ഷത്ത് ഉണ്ടാവില്ലെന്നും ഡിവൈഎഫ്ഐ എന്നെങ്കിലും പ്രതിപക്ഷത്ത് വരുമ്പോൾ നടക്കുന്നതെല്ലാം പ്രതിരോധം ആയി കണ്ടാൽ മതിയെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ഡിവൈഎഫ്ഐക്കെതിരെ രൂക്ഷ വിമർശനമാണ് രാഹുല്‍ നടത്തിയത്. ഡിവൈഎഫ്ഐ ഏഴു വർഷമായി നടത്തുന്ന ഏക സംഘടനാ പ്രവർത്തനം പൊതിച്ചോറ് വിതരണം മാത്രമാണെന്നും ഇതിന്‍റെ മറവിൽ നടക്കുന്ന കൊള്ളരുതായ്മകൾ നിരവധിയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. യൂത്ത് കെയറിന്‍റെ സേവന പ്രവർത്തനങ്ങളിൽ ഇത്തരം എന്തെങ്കിലും കൊള്ളരുതായ്മകൾ കണ്ടെത്താൻ കഴിയുമോയെന്ന് ചോദിച്ച രാഹുല്‍ ഓപ്പൺ ഫോറത്തിൽ ഈ വിഷയം ചർച്ച ചെയ്യാൻ തയാറാണെന്നും വ്യക്തമാക്കി. ആവശ്യമില്ലാത്ത യാത്രക്ക് നേരെ ആവശ്യമുള്ള സാധനം എറിയേണ്ടതില്ല. കരുതൽ തടങ്കൽ അവസാനിപ്പിച്ചാൽ കരിങ്കൊടി പ്രതിഷേധവും അവസാനിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.

Comments (0)
Add Comment