‘രാഹുല്‍ ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്നയാള്‍ ; സിപിഎം നേതാക്കളെ പോലെ ചില്ലുകൂട്ടില്‍ അല്ല, തൊട്ടുകളിക്കേണ്ട’ : വിജയരാഘവനോട് രാജ്മോഹന്‍ ഉണ്ണിത്താന്‍

 

തിരുവനന്തപുരം: സി.പി.എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍റെ രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. സി.പി.എം നേതാക്കളെ പോലെ ചില്ലുകൂട്ടിൽ ജീവിക്കുന്നവരല്ലെന്നും നിരന്തരം ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന വ്യക്തിയാണ് രാഹുൽ ഗാന്ധിയെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. അതുകൊണ്ട് രാഹുൽ ഗാന്ധിയെ തൊട്ടുള്ള കളിവേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നാവിൽ വികടസരസ്വതി വിളങ്ങുന്ന നേതാവാണ് വിജയരാഘവൻ. കോടിയേരി ബാലകൃഷ്ണൻ മടങ്ങി വരുംവരെ വിവരക്കേട് വിളമ്പാൻ വേണ്ടി പാർട്ടി ചുമതലപ്പെടുത്തിയ ആളായാണ് വിജയരാഘവനെ തങ്ങൾ കാണുന്നതെന്നും ഉണ്ണിത്താൻ പരിഹസിച്ചു. ദേശീയ പ്രസ്ഥാനമായ കോൺഗ്രസിന്‍റെ നേതാക്കൾ ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും മത്സരിക്കാറുണ്ട്. ജനങ്ങളുടെ വികാരങ്ങൾ ഏറ്റെടുത്താണ് അദ്ദേഹം മുന്നോട്ട് നീങ്ങുന്നത്. രാഹുൽ പരാജയപ്പെട്ട നേതാവാണ് എന്ന വിജയരാഘവന്‍റെ പരാമർശം അവജ്ഞയോടെ തള്ളിക്കളയുന്നതായും അദ്ദേഹം പറഞ്ഞു.

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളെ ഒന്ന് കാണണോ അവരുടെ പ്രശ്‌നം കേൾക്കാനോ സ്വേച്ഛാധിപതിയായ മുഖ്യമന്ത്രി പിണറായി വിജയൻ തയാറായിട്ടില്ല. എന്നാൽ സുരക്ഷാ സംവിധാനങ്ങൾ പോലും മറികടന്നാണ് രാഹുൽ ഗാന്ധി അവരെ സന്ദർശിച്ചത്. കേരളത്തെ യു.ഡി.എഫിന്‍റെ കൈയിൽ ഏൽപ്പിച്ചിട്ടേ രാഹുൽ സംസ്ഥാനം വിടുകയുള്ളു.  തങ്ങൾക്ക് ചെയ്യാൻ പറ്റാത്ത കാര്യം ആരെങ്കിലും ചെയ്യുമ്പോൾ സി.പി.എമ്മിന് അസൂയ തോന്നുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ തിരിച്ചടിച്ചു. ഇവിടെ രാഹുലിനെ എതിർക്കുന്ന സി.പി.എം വടക്കേ ഇന്ത്യയിൽ രാഹുൽ ഗാന്ധിയെയും, കോൺഗ്രസിനെയും പിന്തുണയ്ക്കുകയാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

Comments (0)
Add Comment