പ്രിയങ്ക യു.പിയില്‍ പോകുന്നത് കോണ്‍ഗ്രസ് ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍: രാഹുല്‍ ഗാന്ധി

webdesk
Wednesday, January 23, 2019

പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശിലേക്ക് പോകുന്നത് കേവലം രണ്ട് മാസത്തേക്കല്ലെന്ന് ബി.ജെ.പിക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രിയങ്കാ ഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യയും യു.പിയിലേക്ക് പോകുന്നത് കോൺഗ്രസിന്‍റെ ആശയങ്ങൾ പ്രചരിപ്പിക്കാനാണെന്നും അതിലൂടെ യു.പിയിൽ പുതിയ ചിന്തകൾക്ക് തുടക്കമിടാനുമാണെന്നും  രാഹുൽ ഗാന്ധി വ്യക്തമാക്കി. യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി റായ്ബറേലി സന്ദർശിച്ചു. നാളെ ബൂത്ത് തലത്തിൽ പ്രവർത്തകരുമായി സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ചർച്ച നടത്തും.

പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും ഒപ്പം നില്‍ക്കുന്ന പുതിയ രാഷ്ട്രീയവും നയവും ഉത്തര്‍പ്രദേശില്‍ ഇനിയുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പാര്‍ട്ടിക്കായി കഠിനാധ്വാനം ചെയ്യാനും ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കാനും കഴിവുള്ളവരാണ് ജ്യോതിരാദിത്യ സിന്ധ്യയും പ്രിയങ്ക ഗാന്ധിയും. ഈ രണ്ട് നേതാക്കളെ ഉത്തര്‍പ്രദേശിലേക്ക് അയക്കുക വഴി കൃത്യമായ രാഷ്ട്രീയ സന്ദേശമാണ് തങ്ങള്‍ യു.പി ജനതയ്ക്ക് നല്‍കുന്നത്. ഉത്തര്‍പ്രദേശിന് തങ്ങള്‍ പുതിയൊരു വഴി കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Jyotiraditya-Scindia

അതേസമയം മായാവതി-അഖിലേഷ് യാദവ് സഖ്യത്തെ നേരിടനല്ല പ്രിയങ്കയേയും ജ്യോതിരാദിത്യ സിന്ധ്യയേയും അയച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി. മായാവതിയോടോ അഖിലേഷിനോടോ തങ്ങള്‍ക്ക് ശത്രുതയില്ല. മാത്രമല്ല, അവരെ ഒരുപാട് ബഹുമാനിക്കുകയും ചെയ്യുന്നു. സാധ്യമായിടത്തെല്ലാം ഇരുവരുമായും സഹകരിക്കാനും തയാറാണ്. ആത്യന്തികമായി മൂന്നുപേരുടെയും ലക്ഷ്യം ബി.ജെ.പിയെ തകര്‍ക്കുക എന്നതാണ്. എന്നാല്‍ തങ്ങളുടെ പോരാട്ടം ആത്യന്തികമായി കോണ്‍ഗ്രസ് ആശയങ്ങളെ സംരക്ഷിക്കുന്നതിന് കൂടി വേണ്ടിയാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയും സഫ്ദര്‍ജംഗ് എയര്‍പോര്‍ട്ടില്‍ രാവിലെ വിമാനം ഇറങ്ങിയ ഇരുവരും തങ്ങളുടെ ലോക്സഭാമണ്ഡലങ്ങളായ അമേത്തിയും റായ്ബറേലിയും സന്ദര്‍ശിച്ചു.