രതീഷിന്‍റെ വീട്ടില്‍ അപ്രതീക്ഷിത അതിഥിയായി രാഹുല്‍; അമ്പരപ്പ്, ആഹ്ലാദം! ഐക്യസന്ദേശം പങ്കുവെച്ച് നേതാവ്

Jaihind Webdesk
Monday, September 12, 2022

 

നേമം: പള്ളിച്ചൽ പാരൂർകുഴി രതീഷിന്‍റെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം വൈകുന്നേരം ഒരു അതിഥിയെത്തി. അപ്രതീക്ഷിതമായി കടന്നുവന്ന വിഐപി അതിഥിയെ കണ്ടതോടെ രതീഷിനും കുടുംബത്തിനും അമ്പരപ്പ്, പിന്നാലെ അത് ആഹ്ലാദത്തിന് വഴിമാറി. ഭാരത് ജോഡോ യാത്ര നയിക്കുന്ന സാക്ഷാല്‍ രാഹുല്‍ ഗാന്ധിയായിരുന്നു രതീഷിന്‍റെ വീട്ടിലേക്ക് എത്തിയത്.

പാറശാലയിൽനിന്ന് കാൽനടയായി നേമത്തെ സമാപന വേദിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് രാഹുൽ ഗാന്ധി പള്ളിച്ചൽ പാരൂർകുഴി രതീഷ് ഭവനിലെത്തിയത്. വൈകിട്ട് ഒരു ചായ കുടിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച രാഹുല്‍ ഗാന്ധിയെ പ്രവര്‍ത്തകർ രതീഷിന്‍റെ വീട്ടിലേക്ക് നയിക്കുകയായിരുന്നു. കോൺഗ്രസ് പ്രവർത്തകനായ പാരൂർകുഴി ദിനേശ് ആണ് അനുജന്‍ കൂടിയായ രതീഷിന്‍റെ വീട്ടിലേക്ക് രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചത്. അപ്രതീക്ഷിതമായി രാഹുല്‍ ഗാന്ധിയെ കണ്ടതോടെ രതീഷും കുടുംബവും അമ്പരപ്പിലും ആഹ്ലാദത്തിലുമായി.

പതിനഞ്ച് മിനിറ്റ് രതീഷിനും കുടുംബത്തിനുമൊപ്പം രാഹുല്‍ ഗാന്ധി ചെലവഴിച്ചു. രതീഷിന്‍റെ മക്കളായ ആതിരയോടും അഞ്ജലിയോടും കുശലാന്വേഷണം നടത്തിയ അദ്ദേഹം കുട്ടികളോട് നന്നായി പഠിക്കാനും എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കിൽ അറിയിക്കാനും പറഞ്ഞു. തുടർന്ന് വീട്ടുകാര്‍ക്കൊപ്പം ഏതാനും ചിത്രങ്ങള്‍. ചായ നല്‍കിയതിന് രതീഷിന്‍റെ കുടുംബത്തിന് അദ്ദേഹം നന്ദി അറിയിച്ചു. ഓരോ കുടുംബങ്ങളിലെയും ചായകുടി പോലും ഒത്തുചേരലിന്‍റെ മാതൃകയാണെന്നും ഇന്ത്യയിലെ എല്ലാവരും ഇതുപോലെ ഒരു കുടുംബമാണെന്നുമുള്ള സന്ദേശവും അദ്ദേഹം പങ്കുവെച്ചു.