കൊല്‍ക്കത്ത : ബിജെപിക്കും തൃണമൂല്‍ കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി എംപി. മതത്തിന്‍റെയും വർഗത്തിന്‍റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. സുവർണ ബംഗാൾ നിർമിക്കുമെന്ന ബിജെപിയുടെ വാഗ്ദാനം മരീചികയാണ്. വെറുപ്പും ലഹളയും മാത്രമാണ് ബിജെപിക്കു നൽകാന്‍ സാധിക്കുക. ബംഗാളിലെ പാരമ്പര്യത്തെയും സംസ്കാരത്തെയും നശിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. അസമിലും തമിഴ്നാട്ടിലും ഇത് കാര്യം തന്നെയാണ് ബിജെപി ചെയ്യുന്നത്. മമത ബാനര്‍ജിയുടെ കീഴിലുള്ള തൃണമൂല്‍ സര്‍ക്കാരും പൂര്‍ണ്ണ പരാജയമാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
ജനങ്ങള്‍ തൃണമൂലിന് ഒരവസരം നൽകിയെങ്കിലും അവർ പരാജയപ്പെട്ടു. മമത റോഡുകളും കോളേജുകളും നിർമ്മിച്ചിട്ടുണ്ടോ? ആളുകൾ ജോലികൾക്കായി അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്നത് തുടരുന്നു. ജോലി ലഭിക്കാൻ കൈക്കൂലി നൽകേണ്ട ഒരേയൊരു സംസ്ഥാനമാണ് ബംഗാളെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ‘ടി.എം.സി-മുക്ത് ഭാരത്’ അല്ല, ‘കോൺഗ്രസ്-മുക്ത് ഭാരത്’ ആണ് ബിജെപി ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം വോട്ടർമാരെ ഓർമ്മിപ്പിച്ചു.
“കോൺഗ്രസ് ഒരിക്കലും ബിജെപിയുമായും ആർഎസ്‌എസുമായും യോജിച്ചിട്ടില്ല. ഞങ്ങളുടെ പോരാട്ടം രാഷ്ട്രീയം മാത്രമല്ല, പ്രത്യയശാസ്ത്രപരവുമാണ്. മമതാജിയെ സംബന്ധിച്ചിടത്തോളം ഇത് ഒരു രാഷ്ട്രീയ പോരാട്ടം മാത്രമായിരുന്നു. അവർ മുൻപ് ബിജെപി സഖ്യകക്ഷിയായിരുന്നെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.