എംപി ഫണ്ട് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങള്‍ വേഗത്തിലാക്കണം: രാഹുൽ ഗാന്ധി

Jaihind Webdesk
Wednesday, March 9, 2022

 

കൽപ്പറ്റ: എം.പിമാരുടെ പ്രദേശിക വികസന ഫണ്ടായ MPLADS ഉപയോഗിച്ചുള്ള പ്രവൃത്തികൾ വേഗത്തിലാക്കണം എന്ന് രാഹുൽ ഗാന്ധി. വയനാട് കളക്ട്രേറ്റിൽ ജില്ലയിലെ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകന യോഗമായ ദിശയുടെ പ്രവർത്തന പുരോഗതി അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതു വരെ 7 കോടി 65 ലക്ഷം രൂപയുടെ പ്രവർത്തിക്കാണ് മണ്ഡലത്തിൽ പ്രൊപ്പോസൽ സമർപ്പിച്ചിട്ടുള്ളത്. അതിൽ 4 കോടി അറുപത് ലക്ഷം രൂപയുടെ പ്രവർത്തനാനുമതിയാണ് ലഭിച്ചത്. ഈ പ്രവർത്തികൾ സമയബന്ധിതമായി നടപ്പിലാക്കാൻ വിവിധ വകുപ്പ് മേലധികാരികൾ ശ്രദ്ധിക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

PMJVK പദ്ധതിയിൽ പനമരം ബ്ലോക്കിനെ ഉൾപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിച്ച് വരുന്നതായും കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട് എന്നും അദ്ദേഹം  യോഗത്തിൽ പറഞ്ഞു. ജില്ലയിൽ പി.എം.ജി.എസ് പദ്ധതിയിൽ കൂടുതൽ റോഡുകൾ ഉൾപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തും. ഇപ്പോൾ നടന്ന് വരുന്ന റോഡ് പ്രവർത്തികളിൽ ജനങ്ങളുടെ ഭാഗത്ത് നിന്നും പരാതി ലഭിക്കുന്നുണ്ട്.  ഇത് കൃത്യമായി നിരീക്ഷിക്കണമെന്നും  യോഗത്തിൽ പറഞ്ഞു.

ആധാർ കാർഡ് ഇല്ലാത്തതിനാൽ ആദിവാസി ജനതയുടെ റേഷൻ ആനുകൂല്യങ്ങൾ തടസപ്പെടുന്നത് ഒഴിവാക്കാൻ പ്രത്യേക ഡ്രൈവ് പരിപാടികൾ നടത്തും. മുൻഗണനാ കാർഡുകളുടെ ശതമാനം വർധിപ്പിക്കുവാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തും. ആദിവാസി വിഭാഗങ്ങളുടെ തൊഴിലവസരം എങ്ങനെ മെച്ചപ്പെടുത്താം എന്നത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കുവാൻ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു. ജില്ലയിൽ സിആർഎഫ് ഫണ്ട് അനുവദിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാം എന്നും രാഹുല്‍ ഗാന്ധി ഉറപ്പുനൽകി.

ജില്ലാ കളക്ടർ ഗീത ദിശ പദ്ധതി നിർവഹണത്തിന്‍റെ റിപ്പോർട്ട് സമർപ്പിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പി.എം.ജെ.വി.കെ, എൻ.ആർ.എൽ.എം, പ്രധാൻ മന്ത്രി ഗ്രാമ സടക് യോജന, നാഷണൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗാം, പ്രധാൻ മന്ത്രി ആവാസ് യോജന, സ്വച്ച് ഭാരത് മിഷൻ, നാഷണൽ ഹെൽത്ത് മിഷൻ , MPLADS, MPLADS ഫ്ലഡ് വർക്ക്, തുടങ്ങി ജില്ലയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികളുടെ പ്രവർത്തന പുരോഗതി യോഗത്തിൽ വിലയിരുത്തി. അഡ്വ. ടി സിദ്ദിഖ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ, സബ് കളക്ടർ ആർ ശ്രീലക്ഷ്മി, ദാരിദ്ര ലഘൂകരണ വിഭാഗം പ്രേജക്ട് ഡയറക്ടർ പി.സി മജീദ്, വയനാട് എഡിഎം എൻ.ഐ ഷാജു തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.